തിരുവനന്തപുരം: ജയിൽ ഭക്ഷണ മെനുവിൽ നിന്ന് മട്ടനും മീനും ഒഴിവാക്കാൻ ജയിൽ വകുപ്പ് ശുപാർശ. ഉയർന്ന ചെലവ്, സംഭരണത്തിലെ ബുദ്ധിമുട്ട്, ആരോഗ്യപരമായ കാരണങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് മെനു പരിഷ്‌കരിക്കാൻ ശുപാർശ നൽകിയിരിക്കുന്നത്. മട്ടനും മീനും ഒഴിവാക്കി പകരം ചിക്കൻ, സോയാ ചങ്ക്സ്, മുട്ട എന്നിവ ഉൾപ്പെടുത്താനാണ് നിർദേശം. ജയിൽ മേധാവി എസ്. ശ്രീജിത്ത് ആഭ്യന്തര വകുപ്പിന് നൽകിയ ശുപാർശയാണ് പരിഗണനയിലുള്ളത്.
മട്ടൻ പോലുള്ള ചുവന്ന മാംസം സ്ഥിരമായി കഴിക്കുന്നത് ഹൃദ്രോഗം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്ന വിലയിരുത്തലും മെനു മാറ്റത്തിന് കാരണമായിട്ടുണ്ട്. മട്ടനും മീനും വാങ്ങുന്നതിലും സംഭരിക്കുന്നതിലും ബുദ്ധിമുട്ടുകളുണ്ടെന്നും ജയിൽ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ചെലവ് കുറയ്ക്കുന്നതിനൊപ്പം തടവുകാരുടെ ആരോഗ്യവും പരിഗണിച്ചാണ് പുതിയ നിർദേശം.
മട്ടൻ വാങ്ങാൻ പ്രതിവർഷം 5.72 കോടി രൂപയും മീനിന് 4.8 കോടി രൂപയുമാണ് നിലവിൽ ചെലവാകുന്നത്. മട്ടന് പകരം ചിക്കൻ നൽകാൻ 1.26 കോടി രൂപയും മീനിന് പകരം സോയാ ചങ്ക്സും മുട്ടയും നൽകാൻ 3.4 കോടി രൂപയും മതിയാകുമെന്നാണ് കണക്ക്.
നിലവിൽ തിങ്കളാഴ്ചയും ബുധനാഴ്ചയും ഉച്ചഭക്ഷണത്തിന് മീനും ശനിയാഴ്ച മട്ടനും നൽകുന്ന രീതിയാണ് ജയിലുകളിൽ തുടരുന്നത്. മാംസാഹാരം നൽകുന്ന ദിവസങ്ങളിൽ ഇത് കഴിക്കാത്ത തടവുകാർക്ക് പച്ചക്കറി വിഭവങ്ങളും നൽകും. ആരോഗ്യപ്രശ്നങ്ങളുള്ള തടവുകാർക്ക് മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരമുള്ള പ്രത്യേക ഭക്ഷണക്രമവും നിലവിലുണ്ട്.


