കോട്ടയം: പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. കോട്ടയത്ത് വിദ്യാഭ്യാസ വകുപ്പിന്റെ ഫയൽ അദാലത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മന്ത്രി എൻഎസ്എസ് ആസ്ഥാനത്തും എത്തിയത്.
സംസ്ഥാനത്ത് സൗഹൃദപൂർണമായ അന്തരീക്ഷം ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതിനായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നും സന്ദർശനത്തിന് ശേഷം മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് എൻഎസ്എസിന്റെ സംഭാവന വളരെ വലുതാണെന്ന് മന്ത്രി പറഞ്ഞു. നൂറുകണക്കിന് സ്കൂളുകളും കോളേജുകളും എൻഎസ്എസ് നല്ല രീതിയിൽ നടത്തുന്നുണ്ട്. നിലവിലെ വിദ്യാഭ്യാസ വിഷയങ്ങളെക്കുറിച്ചുള്ള ആശയങ്ങളും നിർദേശങ്ങളും പരസ്പരം പങ്കുവെക്കുന്നതായിരുന്നു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാഭ്യാസ രംഗത്ത് വലിയ സംഭാവന നൽകിയവരുടെ നിർദേശങ്ങളും ഉപദേശങ്ങളും വിദ്യാഭ്യാസ വകുപ്പിന് ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രിയുടെ സന്ദർശനത്തിൽ സന്തോഷമുണ്ടെന്ന് ജി. സുകുമാരൻ നായർ പറഞ്ഞു. മുസ്ലിം സമുദായവുമായോ മുസ്ലിം ലീഗുമായോ അഭിപ്രായവ്യത്യാസം ഉണ്ടാക്കാൻ എൻഎസ്എസ് ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ മതങ്ങളോടും എൻഎസ്എസിന് ഒരേ സമീപനമാണെന്നും മുസ്ലിം സമുദായത്തോട് കൂടുതൽ ഇഷ്ടമുണ്ടെന്നും ജി. സുകുമാരൻ നായർ പറഞ്ഞു. ഇതുവരെ അഭിപ്രായവ്യത്യാസങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


