കൊച്ചി: ആലുവയിൽ വഴിയാത്രക്കാരനെ ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി ആലുവ റൂറൽ എസ്.പി കെ.എസ്. സുദർശൻ. ആക്രമണം നടന്നത് ഇരുട്ടും വിജനതയും നിറഞ്ഞ പ്രദേശത്തായതിനാൽ ഇവിടെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുമെന്നും എസ്.പി അറിയിച്ചു. പുലർച്ചെയുണ്ടായ ആക്രമണത്തിന്റെ സാഹചര്യങ്ങൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കിയ ശേഷമേ അന്വേഷണം പൂർത്തിയാക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്ത് രാത്രികാല സുരക്ഷയ്ക്കായി നാലംഗ സംഘത്തെ നിയോഗിക്കും. മോഷണം, പിടിച്ചുപറി തുടങ്ങിയ കുറ്റകൃത്യങ്ങളിൽ സ്ഥിരമായി ഏർപ്പെടുന്നവരാണ് ജോഫിനെ ആക്രമിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ആക്രമണം നടന്ന റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും എസ്.പി വ്യക്തമാക്കി.
കെഎസ്ആർടിസി ബസിൽ ആലുവ ബാങ്ക് ജംഗ്ഷനിൽ ഇറങ്ങിയ ശേഷം കോഴിക്കോട് പോകുന്നതിനായി റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുകയായിരുന്ന ജോഫിനാണ് ആക്രമിക്കപ്പെട്ടത്. റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴി കൃത്യമായി അറിയാതിരുന്നതിനാൽ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ഗുഡ്ഷെഡ് ഭാഗത്തുകൂടി നടക്കുന്നതിനിടെയാണ് അക്രമികൾ ഇയാളെ തടഞ്ഞത്. സംഘം യുവാവിനെ പിടിച്ചുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു.
തുടർന്ന് രണ്ട് പേർ ചേർന്ന് കല്ലുകൊണ്ട് യുവാവിനെ ക്രൂരമായി മർദിക്കുകയും സമീപത്തെ കനാലിലേക്ക് തള്ളിയിടുകയും ചെയ്തു. നിലത്തിട്ട് ചവിട്ടുകയും ചെയ്തതിന് പിന്നാലെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കഴുത്തിലുണ്ടായിരുന്ന മൂന്ന് പവന്റെ മാലയും കൈവശമുണ്ടായിരുന്ന 5,000 രൂപയും കവർന്നു.
ആക്രമണത്തിൽ ജോഫിന്റെ വാരിയെല്ലുകൾക്ക് പൊട്ടലേറ്റിട്ടുണ്ട്. ഇയാൾ നിലവിൽ ചികിത്സയിൽ തുടരുകയാണ്.


