ബെംഗളൂരു: വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം കർണാടകത്തിൽ തുടരുന്നതിനിടെ ബിജെപി നേതാക്കളെ വെല്ലുവിളിച്ച് സംസ്ഥാന ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ. ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയോടും പ്രതിപക്ഷ നേതാവ് ആർ. അശോകയോടുമാണ് വെല്ലുവിളി.
പേപ്പറോ ടെലിപ്രോംപ്റ്ററോ നോക്കാതെ വന്ദേമാതരത്തിന്റെ മുഴുവൻ ഭാഗങ്ങളും പൊതുവേദിയിൽ ആലപിക്കണമെന്നാണ് പ്രിയങ്ക് ഖാർഗെ ആവശ്യപ്പെട്ടത്. ഇത് ചെയ്യാൻ കഴിഞ്ഞാൽ താൻ രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന കർണാടക സർക്കാരിന്റെ തീരുമാനത്തെ ചൊല്ലിയാണ് കോൺഗ്രസും ബിജെപിയും തമ്മിൽ തർക്കം തുടരുന്നത്. ബിജെപി ഈ തീരുമാനത്തിനെതിരെ പ്രതിഷേധ പരിപാടികൾക്ക് ഒരുങ്ങുകയാണ്.
സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ കർണാടക ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജിയും സമർപ്പിച്ചിട്ടുണ്ട്. സർക്കാർ ഉത്തരവ് കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങൾക്ക് വിരുദ്ധമാണെന്നാണ് ഹർജിക്കാരന്റെ വാദം.
അതേസമയം, ബിജെപിക്ക് മറ്റ് വിഷയങ്ങൾ ഇല്ലാത്തതിനാലാണ് വന്ദേമാതരം വിഷയമാക്കുന്നതെന്നും പ്രിയങ്ക് ഖാർഗെ ആരോപിച്ചു. നിയമസഭയിൽ ബിജെപി എംഎൽഎമാർക്ക് വന്ദേമാതരം ആലപിക്കാൻ അവസരം നൽകണമെന്ന് സ്പീക്കറോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.


