ഷാർജ: ഷാർജയിൽ മലയാളി യുവ ദന്ത ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ സ്വദേശിനിയായ 32കാരി ഡോ. അഫീന റഹീമാണ് മരിച്ചത്. ഷാർജ അൽ ഖാസിമിയയിലെ താമസസ്ഥലത്ത് തിങ്കളാഴ്ച രാവിലെയാണ് അഫീനയെ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്.
രണ്ട് ചെറിയ കുട്ടികളുടെ അമ്മയായ അഫീന, കുട്ടികളെ പരിചരിക്കുന്നതിനായി ജോലിയിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുകയായിരുന്നു. അധ്യാപകനായ ഭർത്താവ് യാസർ സ്കൂളിൽ പോയ സമയത്തായിരുന്നു സംഭവം.
വീട്ടിലുണ്ടായിരുന്ന ഭർതൃസഹോദരി റംഷീന, അഫീനയുടെ ഇളയ കുട്ടിയുടെ കരച്ചിൽ കേട്ട് ഉണർന്ന് നോക്കിയപ്പോഴാണ് അടുക്കളയിൽ അഫീനയെ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. ഉടൻ സിപിആർ നൽകുകയും ആംബുലൻസ് വിളിച്ചുവരുത്തുകയും ചെയ്തു. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അഫീനയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ഭർത്താവ് യാസർ പറഞ്ഞു. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട നിയമനടപടികളും ഔദ്യോഗിക രേഖകളുടെ നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്.
നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.


