ബെംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ സ്വത്ത് തർക്കത്തെ തുടർന്ന് അച്ഛനെയും മകളെയും ബന്ധുക്കൾ പഞ്ചായത്ത് ഓഫീസിനുള്ളിൽ വച്ച് വെട്ടിക്കൊലപ്പെടുത്തി. വിരമിച്ച സൈനികനായ രുദ്രപ്പ കുന്ദരഗി (67), മകൾ ശശികല (26) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രുദ്രപ്പയുടെ സഹോദരന്മാരായ ബസപ്പ കുന്ദരഗി, സംഗപ്പ കുന്ദരഗി, സംഗപ്പയുടെ മകൻ മഡിവാളപ്പ കുന്ദരഗി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കിട്ടൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അവരാദി ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് സംഭവം. സ്വത്ത് വിൽപനയുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കുന്നതിനായി രുദ്രപ്പയും മകൾ ശശികലയും പഞ്ചായത്ത് ഓഫീസിലെത്തിയിരുന്നു. ഇവർ എത്തിയ വിവരം അറിഞ്ഞാണ് പ്രതികൾ സ്ഥലത്തെത്തിയതെന്നാണ് പൊലീസ് പറയുന്നത്.
രുദ്രപ്പയെ പ്രതികൾ ആക്രമിക്കുന്നത് കണ്ട ശശികല തടയാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. ഇരുവരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചതായാണ് വിവരം. ഇവർ സഞ്ചരിച്ച കാറിന്റെ ഡ്രൈവർക്കും ആക്രമണത്തിൽ പരിക്കേറ്റു.
രുദ്രപ്പയും സഹോദരന്മാരായ ബസപ്പയും സംഗപ്പയും തമ്മിൽ സ്വത്ത് ഭാഗം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ നാളായി തർക്കം നിലനിന്നിരുന്നതായി പൊലീസ് അറിയിച്ചു. തർക്കം കോടതിയിലെത്തിയതിനെ തുടർന്ന് സ്വത്ത് തുല്യമായി വിഭജിക്കാൻ ഉത്തരവുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
എന്നാൽ രുദ്രപ്പ തന്റെ ഭാഗത്തെ സ്വത്ത് നേരത്തെ വിറ്റതിനാൽ അവശേഷിക്കുന്ന ഭൂമി മൂന്ന് ഭാഗങ്ങളായി വിഭജിക്കണമെന്ന നിലപാട് സ്വീകരിച്ചതാണ് പ്രതികളെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക വിശദീകരണം. തർക്കത്തിലുണ്ടായിരുന്ന ഭൂമി രുദ്രപ്പയുടെ പേരിലായിരുന്നു.
കൊലപാതകത്തിന് പിന്നാലെ പഞ്ചായത്ത് ഓഫീസിന് സമീപം നാട്ടുകാർ തടിച്ചുകൂടി. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് ഏറെ പാടുപെട്ടു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കിട്ടൂർ പൊലീസ് അറിയിച്ചു.



