തൃശ്ശൂർ: ചാവക്കാട് ബസിൽ നിന്ന് തെറിച്ചുവീണ് ഗർഭിണിയായ യുവതിക്ക് പരിക്കേറ്റു. തേക്കാഞ്ചേരി പുഴങ്ങര ജലീലിന്റെ മകൾ, മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജ് വിദ്യാർത്ഥിനിയായ 20കാരി ഫാത്തിമയ്ക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ 8.30ഓടെയാണ് സംഭവം. ചാവക്കാട് ബസ് സ്റ്റാൻഡിൽ നിന്ന് കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന പാലയൂർ ബസിൽ കയറുന്നതിനിടെയാണ് യുവതി അപകടത്തിൽപ്പെട്ടത്. ബസ് തെക്കേ ബൈപ്പാസിലേക്ക് തിരിയുന്നതിനിടെ തുറന്നുകിടന്ന വാതിലിലൂടെ ഫാത്തിമ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഫാത്തിമയെ ഉടൻ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം യുവതി വീട്ടിലേക്ക് മടങ്ങി.


