കൊച്ചി: മാത്യു കുഴൽനാടൻ എംഎൽഎയുടെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി ബിഷ്ണു മണ്ഡലിനെയാണ് കല്ലൂർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളം പൈങ്ങോട്ടൂരിൽ നിർമാണം പുരോഗമിക്കുന്ന എംഎൽഎയുടെ തറവാട് വീട്ടിലാണ് മോഷണം നടന്നത്. ഏകദേശം 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറിങ് കേബിളുകളാണ് പ്രതി മോഷ്ടിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ജീൻസും ടീഷർട്ടും ധരിച്ച യുവാവ് വീട്ടിനുള്ളിലേക്ക് കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുടർന്ന് നിർമാണ പ്രവർത്തനങ്ങളുടെ കരാറുകാരൻ പൊലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ പോത്താനിക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതിയെ ചോദ്യം ചെയ്ത് മോഷണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.


