ടോക്കിയോ: ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനെത്തിയ ഇന്ത്യൻ കായിക താരങ്ങൾക്ക് താമസസൗകര്യം ലഭിക്കാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നതായി പരാതി. ജപ്പാനിലെത്തി ഗെയിംസ് വില്ലേജിൽ പ്രവേശിച്ച ഇന്ത്യൻ സംഘത്തിന് 14 മണിക്കൂറിലേറെ കാത്തിരുന്ന ശേഷമാണ് മുറികൾ അനുവദിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ലഭിച്ച മുറികളിൽ പലതും താരങ്ങൾക്ക് പരസ്പരം പങ്കിടേണ്ടിവന്നതായും ചിലരെ താൽക്കാലികമായി ഹോട്ടലുകളിലേക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ താരങ്ങൾക്ക് പുറമെ വിയറ്റ്നാം, ചൈന, ദക്ഷിണ കൊറിയ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കായിക താരങ്ങളും സമാനമായ പ്രതിസന്ധി നേരിട്ടതായി വിവരമുണ്ട്.
പല താരങ്ങളുടെയും കായിക ഉദ്യോഗസ്ഥരുടെയും മുൻകൂട്ടി ബുക്ക് ചെയ്ത മുറികൾ റദ്ദാക്കപ്പെട്ട നിലയിലായിരുന്നു. വിമാനത്താവളത്തിൽ മണിക്കൂറുകളോളം കാത്തുനിന്ന ശേഷമാണ് ചിലർക്ക് താമസസൗകര്യം ഒരുക്കിയത്. പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇന്ത്യൻ ഷെഫ് ഡി മിഷൻ സ്വന്തം നിലയിൽ 15 അധിക മുറികൾ ഹോട്ടലുകളിൽ ബുക്ക് ചെയ്തതായും റിപ്പോർട്ടുണ്ട്.
താമസസൗകര്യത്തിലെ പ്രശ്നങ്ങൾക്ക് പുറമെ യാത്രാസൗകര്യത്തിലെ പിഴവുകളും ഇന്ത്യൻ സംഘത്തിന്റെ പരിശീലനത്തെ ബാധിക്കുന്നുണ്ട്. ഷൂട്ടിങ് സംഘത്തിന് താമസസ്ഥലത്തുനിന്ന് പരിശീലന കേന്ദ്രത്തിലെത്താൻ രണ്ട് മണിക്കൂറിലേറെ യാത്ര ചെയ്യേണ്ടിവരുന്നതായാണ് പരാതി. പരിശീലന വേദികളിൽ കുടിവെള്ളത്തിന് പുറമെ ആവശ്യമായ മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമല്ലെന്നും താരങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ഗെയിംസ് വില്ലേജിലെ സംഘാടനത്തിലെ പോരായ്മകളാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ. മുൻ വർഷങ്ങളിലേതുപോലെ ഒരൊറ്റ ഏകീകൃത ഗെയിംസ് വില്ലേജ് ഒരുക്കുന്നതിന് പകരം, ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ക്രൂയിസ് കപ്പലുകളും വൻകിട ഹോട്ടലുകളും ഉൾപ്പെടുന്ന വികേന്ദ്രീകൃത താമസ സംവിധാനമാണ് ഇത്തവണ ഒരുക്കിയത്.
15,000 പേരെയാണ് സംഘാടകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പങ്കെടുക്കുന്നവരുടെ എണ്ണം 17,000 ആയി ഉയർന്നതോടെ വിമാനത്താവളത്തിൽനിന്ന് ഗെയിംസ് വില്ലേജിലേക്കുള്ള യാത്രയിലും മുറി അനുവദിക്കുന്നതിലും ആശയക്കുഴപ്പം ഉണ്ടായതായാണ് വിവരം.
45ഓളം രാജ്യങ്ങളിൽനിന്നുള്ള പതിനൊന്നായിരത്തിലധികം താരങ്ങൾ പങ്കെടുക്കുന്ന 20-ാമത് ഏഷ്യൻ ഗെയിംസ് സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെയാണ് ജപ്പാനിൽ നടക്കുന്നത്.




