നഗോയ: ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് പോരാട്ടത്തില്‍ അനായാസ വിജയവുമായി സെമിയിലേക്ക് മുന്നേറി നിലവിലെ സ്വര്‍ണ ജേതാക്കളായ ഇന്ത്യ. ആതിഥേയരായ ജപ്പാനെ ക്വാര്‍ട്ടറില്‍ ഇന്ത്യ 8 വിക്കറ്റിന് തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ജപ്പാന്‍ 19.5 ഓവറില്‍ 57 റണ്‍സില്‍ ഓള്‍ ഔട്ടായി. ഇന്ത്യയ്ക്ക് മറുപടി പറയാന്‍ 30 പന്തുകള്‍ മാത്രമാണ് ആവശ്യമായി വന്നത്. 5 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 59 റണ്‍സെടുത്തു. ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയുടെ 2 വിക്കറ്റുകള്‍ തുടക്കത്തില്‍ വീഴ്ത്തിയെന്നത് മാത്രമാണ് ജപ്പാന് ഓർത്തിരിക്കാവുന്ന നിമിഷം.
15 പന്തില്‍ 2 സിക്‌സും 6 ഫോറും സഹിതം 40 റണ്‍സ് അതിവേഗം അടിച്ചെടുത്ത ഷെഫാലി വര്‍മയുടെ ബാറ്റിങാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ഷെഫാലിക്കൊപ്പം ഗുണാലന്‍ കമാലിനിയാണ് ഓപ്പണറായി വന്നത്. താരം 2 പന്തില്‍ റണ്ണൊന്നുമില്ലാതെ പുറത്തായത് ഇന്ത്യയെ ഞെട്ടിച്ചു. പിന്നാലെ വന്ന ഭാരതി ഫുല്‍മാലിയും അതിവേഗം മടങ്ങി. താരം 6 റണ്‍സില്‍ പുറത്തായി. നാലാം സ്ഥാനത്തെത്തിയ റിച്ച ഘോഷ് 6 പന്തില്‍ 12 റണ്‍സുമായി ഷെഫാലിക്കൊപ്പം പുറത്താകാതെ നിന്ന് ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കി.
ഏഷ്യാ കപ്പില്‍ മിന്നും ഫോമില്‍ പന്തെറിഞ്ഞ ശ്രീചരണിയാണ് ജപ്പാനെതിരെയും തിളങ്ങിയത്. താരം 4 ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി. ഷെഫാലി വര്‍മ 2 വിക്കറ്റും ശ്രേയങ്ക പാട്ടീല്‍, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും നേടി.


