പത്തനംതിട്ട: തെക്കൻ ജില്ലകളിൽ വ്യാപകമായി മോഷണം നടത്തിയെന്ന് സംശയിക്കുന്ന അഞ്ചംഗ സംഘത്തെ അടൂർ പൊലീസ് പിടികൂടി. ചിന്നക്കനാലിലെ ഒളിത്താവളത്തിൽ നിന്നാണ് സംഘത്തെ പിടികൂടിയത്. സംഘത്തലവൻ തിരുവല്ല സ്വദേശി വിശാൽ റാവുത്തർ ഒഴികെ മറ്റ് നാല് പേരും പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് അറിയിച്ചു.
വന്യജീവി സാന്നിധ്യമുള്ള പ്രദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ അടൂർ ഡിവൈഎസ്പിയുടെ പ്രത്യേക സ്ക്വാഡാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയിൽ മോഷണം നടത്തിയ ശേഷമാണ് സംഘം ചിന്നക്കനാലിലേക്ക് കടന്നതെന്നാണ് പൊലീസ് പറയുന്നത്. വിവിധ ആരാധനാലയങ്ങളിലെ കാണിക്കവഞ്ചികൾ തകർത്ത് പണം മോഷ്ടിച്ചതായും കൊടുമൺ ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് രണ്ട് കേസ് മദ്യം മോഷ്ടിച്ചതായും പൊലീസ് പറഞ്ഞു.
വെഞ്ഞാറമൂട്ടിൽ നിന്ന് മോഷ്ടിച്ച ഓട്ടോറിക്ഷയിലാണ് സംഘം വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ച് മോഷണം നടത്തിയതെന്നാണ് വിവരം. പിന്നീട് ഓട്ടോ കൈപ്പട്ടൂരിൽ ഉപേക്ഷിച്ചാണ് സംഘം കടന്നത്.
കേസിൽ വ്യക്തമായ തെളിവുകൾ ലഭിക്കാതിരുന്ന ഘട്ടത്തിൽ മുഖ്യപ്രതിയുടെ കയ്യിലെ ടാറ്റൂയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.
അടൂർ എസ്.ഐ ജിനുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം ചിന്നക്കനാലിലെത്തി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് ചിന്നക്കനാലിലെ ഒരു വ്യാപാരസ്ഥാപനം കുത്തിത്തുറന്ന് 50,000 രൂപ മോഷ്ടിച്ചതായും പൊലീസ് അറിയിച്ചു. സംഘം പിടിയിലായതോടെ മറ്റ് ജില്ലകളിലെ മോഷണക്കേസുകളിലും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.




