ടോക്കിയോ: താമസസൗകര്യവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ജപ്പാനിലെ നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന് പുതിയ വെല്ലുവിളിയായി ചുഴലിക്കാറ്റ് ഭീഷണി. ഐച്ചി-നഗോയ തീരത്ത് വരും ദിവസങ്ങളിൽ ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് മത്സരങ്ങൾ തടസ്സപ്പെടാനും കായികതാരങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കുന്ന സാഹചര്യമുണ്ടായാൽ തീരദേശ മേഖലയിൽ കഴിയുന്ന താരങ്ങളെ താൽക്കാലികമായി ഒഴിപ്പിക്കേണ്ടിവരും. സെപ്റ്റംബർ 21ഓടെ ‘ദുജുവാൻ’ എന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റ് നഗോയ മേഖലയിലെത്താൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
സാധാരണ മഴ മാത്രമാണെങ്കിൽ മത്സരങ്ങൾ തുടരുമെന്നും എന്നാൽ പ്രകൃതിദുരന്ത മുന്നറിയിപ്പ് ലഭിച്ചാൽ താരങ്ങളെ സുരക്ഷിതമായി മാറ്റുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും നഗോയ മേയറും ഗെയിംസ് ഡെപ്യൂട്ടി പ്രസിഡന്റുമായ ഇച്ചിറോ ഹിരോസാവ വ്യക്തമാക്കി.
നഗരത്തിലെ താമസസൗകര്യ പ്രതിസന്ധി പരിഹരിക്കുന്നതിനായി എത്തിച്ച ഇറ്റാലിയൻ ആഡംബര കപ്പൽ കോസ്റ്റ സെറീനയിൽ കഴിയുന്ന അയ്യായിരത്തോളം താരങ്ങളുടെ സുരക്ഷയ്ക്കും പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കാറ്റിന്റെ വേഗം വർധിച്ചാൽ കപ്പൽ തീരത്തുനിന്ന് മാറ്റി ആഴക്കടലിലെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകാനാണ് തീരുമാനം.
ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് തൊട്ടുമുമ്പുണ്ടായ കനത്ത മഴയിൽ നഗോയയിലെ ചില പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും ചില മത്സരങ്ങൾ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.
താരങ്ങൾക്കായി പ്രത്യേക ഗെയിംസ് വില്ലേജ് ഒരുക്കാത്തതും നേരത്തെ വിവാദമായിരുന്നു. ഹോട്ടലുകൾ, താൽക്കാലിക ഷിപ്പിംഗ് കണ്ടെയ്നർ ഹട്ടുകൾ, കോസ്റ്റ സെറീന കപ്പൽ എന്നിവിടങ്ങളിലായാണ് 17,000ത്തോളം വരുന്ന കായികതാരങ്ങളെയും ഒഫീഷ്യലുകളെയും താമസിപ്പിച്ചിരിക്കുന്നത്.
ഇടുങ്ങിയ മുറികളും ചെറിയ കട്ടിലുകളും താരങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കപ്പലിൽ മുറികൾ ലഭിക്കുന്നതിനായി മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നതായി ഇന്ത്യൻ സംഘവും പരാതിപ്പെട്ടിരുന്നു.
അതേസമയം, മത്സരങ്ങൾ കഴിഞ്ഞാൽ വലിയ തുക ചെലവഴിച്ച് നിർമിച്ച ഗെയിംസ് വില്ലേജുകൾ ഉപയോഗശൂന്യമായി കിടക്കുന്നത് ഒഴിവാക്കുന്നതിനാണ് വ്യത്യസ്തമായ താമസക്രമീകരണം ഏർപ്പെടുത്തിയതെന്ന് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ വിശദീകരിച്ചിരുന്നു.
വരും ദിവസങ്ങളിലെ പ്രതികൂല കാലാവസ്ഥ ഏഷ്യൻ ഗെയിംസിന്റെ നടത്തിപ്പിന് വലിയ വെല്ലുവിളിയാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.



