കുവൈത്ത് സിറ്റി: രാജ്യത്തിന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യുമ്പോള്‍ മറ്റുള്ളവരുടെ ലഗേജുകള്‍ കൊണ്ടുവന്നവര്‍ക്ക് മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തരമന്ത്രാലയം. മറ്റുവ്യക്തികളില്‍ നിന്നുള്ള ബാഗുകള്‍, പാഴ്‌സലുകള്‍, കണ്ടെയ്‌നറുകള്‍ അല്ലെങ്കില്‍ മറ്റ് വസ്തുക്കള്‍ തുടങ്ങിയവ യാത്രയ്‌ക്കൊപ്പം കൈവശം വയ്ക്കരുതെന്നാണ് മുന്നറിയിപ്പ്. ഇത്തരം വസ്തുക്കള്‍ കൈമാറുന്ന വ്യക്തിയുമായുള്ള ബന്ധമോ അവര്‍ പറയുന്ന കാരണങ്ങളോ എന്തുതന്നെയായാലും, യാത്രക്കാരുടെ കൈവശം നിരോധിത വസ്തുക്കള്‍ കണ്ടെത്തിയാല്‍ അതിന് യാത്രക്കാരനാകും നിയമപരമായി ഉത്തരവാദികളായിരിക്കുകയെന്ന് ആദ്യന്തരമന്ത്രാലയം പറഞ്ഞു.
ലഹരിക്കടത്തുകാര്‍ യാത്രക്കാര്‍ അറിയാതെ ഇത്തരം മാര്‍ഗങ്ങള്‍ മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ചേക്കാമെന്ന് മന്ത്രാലയം മുന്നറിയിപ്പില്‍ പറഞ്ഞു. അടുത്തിടെ നടന്ന മൂന്ന് വ്യത്യസ്ത കേസുകളില്‍, വിദേശത്തുനിന്ന് മറ്റുള്ളവര്‍ക്ക് നല്‍കാനായി കൊണ്ടുവന്ന മരുന്ന് കണ്ടെയ്‌നറുകള്‍ക്കുള്ളില്‍ മയക്കുമരുന്നും സൈക്കോട്രോപിക് വസ്തുക്കളും കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് യാത്രക്കാരെ പിടികൂടിയതായും അധികൃതര്‍ പറഞ്ഞു.
കുവൈത്തിലെ വ്യക്തികള്‍ക്ക് നല്‍കാനുള്ള മരുന്നാണെന്ന് വിശ്വസിച്ചാണ് ഇവര്‍ക്ക് പാക്കറ്റുകള്‍ നല്‍കിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ കൈവശമുള്ള വസ്തുക്കളില്‍ നിരോധിത സാധനങ്ങള്‍ കണ്ടെത്തിയാല്‍ അത് മറ്റൊരാള്‍ നല്‍കിയതാണെങ്കിലും യാത്രക്കാരന്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് മന്ത്രാലയം പറഞ്ഞു.



