തിരുവനന്തപുരം: പുതിയ വരുമാനമാർഗങ്ങൾ കണ്ടെത്തിയും മൂലധനച്ചെലവ് കുറച്ചും കെഎസ്ആർടിസിയെ വളർച്ചയുടെ പാതയിലേക്ക് നയിക്കുകയാണ് ലക്ഷ്യമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. നിലവിൽ സർവീസ് നടത്തുന്ന 5,750 ബസുകളിൽ നിന്ന് 10,000 ബസുകൾ ഓപ്പറേറ്റ് ചെയ്യുന്ന വലിയ സംവിധാനമായി കെഎസ്ആർടിസിയെ മാറ്റുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യാ ടുഡേ റൗണ്ട് ടേബിളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാപനങ്ങൾക്കും സ്വകാര്യ വ്യക്തികൾക്കും ബസുകൾ വാങ്ങി കെഎസ്ആർടിസിക്ക് നൽകാൻ കഴിയുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇത്തരത്തിൽ ലഭിക്കുന്ന സ്വകാര്യ ബസുകൾ കിലോമീറ്റർ അടിസ്ഥാനത്തിൽ നിശ്ചിത തുക നൽകി കെഎസ്ആർടിസി സർവീസിന് ഉപയോഗിക്കും.
എംഎൽഎമാർക്കും സ്വന്തം നിയോജക മണ്ഡലത്തിലെ വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്നതിനായി ബസുകൾ വാങ്ങി നൽകാൻ പുതിയ പരിഷ്കാരങ്ങളിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ്പ് നമ്പർ വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഊബർ ആപ്പ് വഴി കെഎസ്ആർടിസി ബസ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉടൻ ആരംഭിക്കും.
ഇതിന് പുറമെ തുറമുഖ അധിഷ്ഠിത ചരക്കുനീക്ക സർവീസിലേക്കും കെഎസ്ആർടിസിയെ എത്തിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തുന്നതിനൊപ്പം നിലവിലെ ചെലവുകൾ നിയന്ത്രിച്ചുകൊണ്ട് സ്ഥാപനത്തെ കൂടുതൽ കാര്യക്ഷമമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.


