കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ (SIR) നടപടിയുമായി ബന്ധപ്പെട്ട് 37 ലക്ഷത്തിലധികം അപ്പീലുകൾ തീർപ്പാകാതെ കിടക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനെയും ഒഴിവാക്കുന്നതിനെയും ചോദ്യം ചെയ്താണ് ഈ അപ്പീലുകൾ സമർപ്പിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം പ്രകാരം ആകെ 38,20,683 അപ്പീലുകളാണ് സമർപ്പിച്ചത്. ഇതിൽ 1,02,231 അപ്പീലുകൾ തീർപ്പാക്കിയപ്പോൾ 37,18,452 അപ്പീലുകൾ ഇപ്പോഴും പരിഗണനയിലുണ്ട്. എന്നാൽ പേര് ഉൾപ്പെടുത്തുന്നതിനെതിരെയും പേര് ഒഴിവാക്കിയതിനെതിരെയും സമർപ്പിച്ച അപ്പീലുകളുടെ പ്രത്യേക കണക്ക് സത്യവാങ്മൂലത്തിൽ നൽകിയിട്ടില്ല.
എസ്‌ഐആര്‍ നടപടിയുമായി ബന്ധപ്പെട്ട അപ്പീലുകളുടെ വിശദമായ കണക്കുകൾ സമർപ്പിക്കാൻ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചിരുന്നു. തീർപ്പാകാത്ത അപ്പീലുകൾ വേഗത്തിൽ പരിഗണിക്കുന്നതിനുള്ള നടപടികളും എത്ര അധിക ട്രൈബ്യൂണലുകൾ ആവശ്യമാണെന്നും വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ ലഭിച്ച വിവരങ്ങൾ പ്രകാരം, ഓഗസ്റ്റ് 7 വരെ ട്രൈബ്യൂണലുകൾ 82,782 അപ്പീലുകൾ തീർപ്പാക്കിയിരുന്നു. ഇതിൽ 75,443 പേരുടെ പേരുകൾ വീണ്ടും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ RTI മറുപടിയിൽ വ്യക്തമാക്കിയിരുന്നു. എസ്‌ഐആര്‍ നടപടികളുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതി തുടർച്ചയായി ഇടപെടുന്നുണ്ട്. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ അവകാശവാദങ്ങളും പരാതികളും പരിഗണിക്കുന്നതിനായി ട്രൈബ്യൂണലുകൾ രൂപീകരിച്ചിട്ടുമുണ്ട്.


