തിരുവനന്തപുരം: പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളുടെ പേരിൽ വ്യാജ സമ്മാനക്കത്തുകൾ അയച്ച് പണം തട്ടുന്ന സംഘങ്ങൾ സജീവമാകുന്നു. രജിസ്റ്റർഡ് തപാൽ വഴിയാണ് പലർക്കും ആകർഷകമായ സ്ക്രാച്ച് കാർഡുകൾ ഉൾപ്പെടെയുള്ള കത്തുകൾ ലഭിക്കുന്നത്.
സ്ക്രാച്ച് കാർഡ് ചുരണ്ടുമ്പോൾ വലിയ തുക സമ്മാനമായി ലഭിച്ചതായി കാണിക്കും. സമ്മാനത്തുക ലഭിക്കാൻ കത്തിൽ നൽകിയിരിക്കുന്ന ഹെൽപ്ലൈൻ നമ്പറിലോ വാട്സാപ്പ് നമ്പറിലോ ബന്ധപ്പെടാൻ ആവശ്യപ്പെടും. തുടർന്ന് കമ്പനി പ്രതിനിധികളാണെന്ന് പരിചയപ്പെടുത്തി തട്ടിപ്പുകാർ ഇരകളുമായി സംസാരിക്കും.
സമ്മാനത്തുക അക്കൗണ്ടിലേക്ക് നൽകുന്നതിന് മുമ്പ് പ്രോസസ്സിംഗ് ഫീസ്, ഡോക്യുമെന്റേഷൻ ചാർജ്, ഇൻകം ടാക്സ് തുടങ്ങിയ പേരുകളിൽ പണം ആവശ്യപ്പെടുന്നതാണ് തട്ടിപ്പിന്റെ രീതി. വിശ്വാസം നേടുന്നതിനായി വ്യാജ ഇൻകം ടാക്സ് രേഖകളും ഔദ്യോഗിക മുദ്രകളും വാട്സാപ്പിലൂടെ അയയ്ക്കുകയും ചെയ്യും. തട്ടിപ്പുകാർ നൽകുന്ന അക്കൗണ്ടിലേക്ക് പണം കൈമാറിയ ശേഷം ഇവരുമായി ബന്ധപ്പെടാൻ സാധിക്കാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്.
സ്ക്രാച്ച് കാർഡുകളോ ഗിഫ്റ്റ് ഓഫറുകളോ ലഭിച്ചതിന്റെ പേരിൽ മുൻകൂറായി പണം ആവശ്യപ്പെടുന്നത് തട്ടിപ്പിന്റെ പ്രധാന ലക്ഷണമാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. അപരിചിതമായ നമ്പറുകളിൽ വിളിക്കുകയോ വാട്സാപ്പിലൂടെ ബാങ്ക് വിവരങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കുകയോ ചെയ്യരുതെന്നും പൊലീസ് നിർദേശിച്ചു. സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്ലൈൻ നമ്പറിൽ ബന്ധപ്പെടുകയോ ദേശീയ സൈബർ കുറ്റകൃത്യ പോർട്ടൽ വഴി പരാതി നൽകുകയോ ചെയ്യണം.












