മുബൈ: രണ്ടാം വർഷ എനർജി സയൻസ് വിദ്യാർത്ഥി സഹിൽ വക്കോഡെയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർത്ഥികളുടെ പ്രതിഷേധം. ഇന്നലെ വൈകിട്ടാണ് സഹിലിനെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ചാറ്റ് ജിപിടിയുടെ സഹായത്തോടെ പരീക്ഷാ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നതിനിടെ സഹിലിനെ അധ്യാപകർ പിടികൂടിയെന്നാണ് വിവരം. പരീക്ഷാ ഹാളിൽവച്ച് ചോദ്യപേപ്പർ അപ്‌ലോഡ് ചെയ്യാൻ ശ്രമിച്ചെന്നാണ് അധ്യാപകരുടെ വിശദീകരണം. അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന ഭയമാണ് സഹിലിന്റെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് സഹപാഠികളുടെ ആരോപണം. ഒരു വർഷത്തേക്ക് സസ്പെൻഷൻ ലഭിക്കുമെന്ന് അധ്യാപകർ ഭീഷണിപ്പെടുത്തിയെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.
എന്നാൽ സഹിലിനെതിരെ യാതൊരു അച്ചടക്ക നടപടിക്കും ശുപാർശ ചെയ്തിട്ടില്ലെന്ന് ഐഐടി ബോംബെ അറിയിച്ചു. വകുപ്പ് മേധാവി സഹിലുമായി സംസാരിച്ചിരുന്നെങ്കിലും നടപടിയെടുക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും ഐഐടി വ്യക്തമാക്കി.
കഴിഞ്ഞ ജൂലൈ 28നും ഒരു വിദ്യാർത്ഥിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വിദ്യാർത്ഥികൾ നേരിടുന്ന മാനസിക സമ്മർദം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.














