തിരുവനന്തപുരം: വധശ്രമം ഉൾപ്പെടെ 17 കേസുകളിലെ പ്രതിയും ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന പ്രധാന കണ്ണിയുമെന്ന് പൊലീസ് പറയുന്നയാളും അറസ്റ്റിൽ. തിരുവല്ലം പാലപ്പൂർ സ്വദേശി മനുകുമാർ (34) ആണ് തിരുവല്ലം പൊലീസ് പിടികൂടിയത്. ‘ലഗാൻ മനു’, ‘കെജിഎഫ് മനു’ എന്നീ പേരുകളിലും ഇയാൾ അറിയപ്പെടുന്നു.
കഞ്ചാവ് കേസിൽ പൊലീസിന് വിവരം നൽകിയെന്നാരോപിച്ച് മലയിൻകീഴ് സ്വദേശിയെ പാലപ്പൂരിലേക്ക് വിളിച്ചുവരുത്തി സംഘം ചേർന്ന് ആക്രമിച്ച കേസിലാണ് അറസ്റ്റ്. ബിയർ കുപ്പി ഉപയോഗിച്ച് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതിയാണ് മനുകുമാറെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിന് പിന്നാലെ ബെംഗളൂരുവിലേക്ക് കടന്ന ഇയാൾ പൊലീസ് അന്വേഷിക്കുന്ന വിവരം അറിഞ്ഞതോടെ മഹാരാഷ്ട്രയിലേക്ക് പോയി. തിരുവല്ലം എസ്ഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മഹാരാഷ്ട്ര പൊലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.
കേസിലെ മറ്റ് രണ്ട് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തിരുവല്ലം കൂടാതെ കോവളം, വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനുകളിലും മനുകുമാറിനെതിരെ കേസുകളുണ്ട്. ഇയാൾക്കെതിരെ കാപ്പ നിയമപ്രകാരം നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.













