പത്തനംതിട്ട: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ശുപാർശയിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചു. നിയമോപദേശം പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനുമായി ആലോചിച്ചാകും അന്തിമ തീരുമാനം. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശം തേടിയതെന്നും ചെന്നിത്തല വ്യക്തമാക്കി.
പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഇഡിയുടെ ശുപാർശയിലാണ് നിയമോപദേശം ലഭിച്ചത്. സുപ്രീംകോടതി വിധികൾ ഉൾപ്പെടെ പരിഗണിച്ചാണ് അഡ്വക്കേറ്റ് ജനറൽ നിയമോപദേശം നൽകിയത്. സംസ്ഥാന പൊലീസ് മേധാവിയുടെ അഭിപ്രായവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് സർക്കാർ തീരുമാനിക്കണമെന്നും നിയമോപദേശത്തിൽ വ്യക്തമാക്കുന്നു.
വിഷയത്തിൽ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഇഡി വിഷയം ചർച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. കൂടിക്കാഴ്ചയിൽ വിഷയം സംസാരിച്ചിട്ടുണ്ടോയെന്ന് അറിയില്ലെന്നും കേരളത്തിൽത്തന്നെ തീരുമാനമെടുക്കാവുന്ന വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ മാധ്യമങ്ങളുമായി നല്ല ബന്ധമാണുള്ളതെന്നും എസ്ഐടി സ്വതന്ത്രമായി പ്രവർത്തിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
അടൂർ സ്വദേശിയായ ദളിത് യുവാവിന് പൊലീസ് മർദനമേറ്റെന്ന പരാതിയിലും കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ശാസ്താംകോട്ട പൊലീസിനെതിരായ പരാതി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.












