കണ്ണൂർ: കേരളത്തിൽ ട്രെയിനുകൾക്ക് മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാനാകുന്ന തരത്തിൽ മൂന്നും നാലും റെയിൽപ്പാതകൾക്കുള്ള വിവിധ രൂപരേഖകൾ തയ്യാറാകുന്നു. നിലവിലെ പാതയ്ക്ക് സമാന്തരമായി പുതിയ പാത നിർമിക്കുന്ന മാതൃക, നിലവിലെ വളവുകൾ നിലനിർത്തി വേഗനിയന്ത്രണത്തോടെ സമാന്തരമായി പാത നിർമിക്കുന്ന മാതൃക, ഗ്രീൻഫീൽഡ് മാതൃക എന്നിവയാണ് പരിഗണിക്കുന്നത്.
നിലവിലെ റെയിൽപ്പാതയോട് ചേർന്നാണ് ഭൂരിഭാഗം ഭാഗങ്ങളിലും പുതിയ പാതകൾ കടന്നുപോകുക. എന്നാൽ ചില സെക്ഷനുകളിൽ നിലവിലെ പാതയിൽനിന്ന് മാറിയാണ് പുതിയ പാത കടന്നുപോകുന്നത്. ഇത്തരം ഭാഗങ്ങളിൽ കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടിവരും. അതേസമയം സെക്ഷനിലെ ആകെ റൂട്ട് കിലോമീറ്ററിൽ കാര്യമായ മാറ്റമുണ്ടാകില്ല. സമാന്തര, ഗ്രീൻഫീൽഡ് രൂപരേഖകളിൽ നിലവിലെ സ്റ്റേഷനുകളിൽനിന്ന് വ്യത്യസ്തമായ സ്ഥലങ്ങളിൽ പുതിയ സ്റ്റേഷനുകൾ വരാനും സാധ്യതയുണ്ട്.
ഷൊർണൂർ-മംഗളൂരു 307 കിലോമീറ്റർ റൂട്ടിൽ ഒരു രൂപരേഖ പ്രകാരം കുറഞ്ഞത് 13 സ്റ്റേഷനുകളാണ് പരിഗണനയിലുള്ളത്. ഷൊർണൂർ-കോഴിക്കോട് 86.6 കിലോമീറ്ററും കോഴിക്കോട്-കണ്ണൂർ 89 കിലോമീറ്ററും കണ്ണൂർ-മംഗളൂരു 131 കിലോമീറ്ററുമാണ് ദൂരം.
സമാന്തര രൂപരേഖ
ഷൊർണൂർ ജംഗ്ഷന്റെ പടിഞ്ഞാറ് ഭാഗത്തുകൂടിയാണ് മൂന്നും നാലും പാതകൾ ആരംഭിക്കുക. കരക്കാട്-പട്ടാമ്പി മേഖലയിൽ രണ്ടിടത്ത് ഭാരതപ്പുഴ മുറിച്ചുകടക്കും. പട്ടാമ്പി സ്റ്റേഷനിൽനിന്ന് ഏകദേശം 950 മീറ്റർ അകലെയായിരിക്കും പാത. കൊടുമുണ്ട ഹാൾട്ട് സ്റ്റേഷൻ പിന്നിട്ട ശേഷം പാത കിഴക്ക് ഭാഗത്തേക്ക് മാറും.
പള്ളിപ്പുറം, കുറ്റിപ്പുറം, തിരുനാവായ, തിരൂർ, താനൂർ, പരപ്പനങ്ങാടി മേഖലകളിൽ കിഴക്ക് ഭാഗത്തുകൂടി പാത സമാന്തരമായി നീങ്ങും. തിരൂരിൽ ദേശീയപാത മുറിച്ചുകടക്കും. പരപ്പനങ്ങാടിക്ക് ശേഷം പാത വീണ്ടും സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്തേക്ക് മാറി വള്ളിക്കുന്ന്, കടലുണ്ടി, ഫറൂഖ്, കല്ലായി വഴി കോഴിക്കോട് സ്റ്റേഷനിലെത്തും.
കോഴിക്കോട് മുതൽ പാത പടിഞ്ഞാറ് ഭാഗത്തുകൂടിയാണ് പ്രധാനമായും നീങ്ങുക. വെസ്റ്റ് ഹിൽ കഴിഞ്ഞ് സ്റ്റേഷൻ പരിധിയിലൂടെയും തുടർന്ന് കിഴക്ക് ഭാഗത്തേക്കും പ്രവേശിക്കും. ഏലത്തൂർ സ്റ്റേഷനും പെട്രോളിയം പ്ലാന്റും പിന്നിട്ട് ചേമഞ്ചേരിക്ക് സമീപം പാത വീണ്ടും പടിഞ്ഞാറ് ഭാഗത്തേക്ക് മാറും.
കൊയിലാണ്ടി, തിക്കോടി, പയ്യോളി, വടകര, നാദാപുരം, മുക്കാളി, മാഹി, തലശ്ശേരി, ധർമടം, എടക്കാട് വഴി കണ്ണൂരിലെത്തും. മാഹിക്കും ജഗന്നാഥ ക്ഷേത്രത്തിനും ഇടയിൽ നിലവിലെ പാതയിൽനിന്ന് ഏകദേശം 470 മീറ്റർ വരെ അകലം ഉണ്ടാകും. ധർമടത്ത് കുയ്യാലിപ്പുഴ മുറിച്ചുകടക്കും.
കണ്ണൂർ മുതൽ കണ്ണപുരം വരെ ഏകദേശം 14 കിലോമീറ്റർ സ്റ്റേഷന്റെ കിഴക്ക് ഭാഗത്തുകൂടിയാണ് പാത വരിക. കണ്ണപുരം-പഴയങ്ങാടി-ഏഴിമല മേഖലയിൽ നിലവിലെ സ്റ്റേഷനിൽനിന്ന് 375 മീറ്റർ വരെ അകലം ഉണ്ടാകും. തുടർന്ന് പയ്യന്നൂർ, തൃക്കരിപ്പൂർ, ചെറുവത്തൂർ മേഖലകളിലൂടെ കടന്നുപോകുന്ന പാത ചെറുവത്തൂരിന് ശേഷം പടിഞ്ഞാറ് ഭാഗത്തേക്ക് മാറും.
നീലേശ്വരം, കാഞ്ഞങ്ങാട്, ബേക്കൽ, കോട്ടിക്കുളം വഴി പാത നീങ്ങും. കോട്ടിക്കുളത്തിന് ശേഷം സംസ്ഥാന റോഡിന്റെ സാഹചര്യം പരിഗണിച്ച് വീണ്ടും കിഴക്ക് ഭാഗത്തേക്ക് മാറി കളനാട് വരെ സമാന്തരമായി തുടരും. തുടർന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് മാറി കാസർകോട്, കുമ്പള, ഉപ്പള, മഞ്ചേശ്വരം, ഉള്ളാൾ വഴി മംഗളൂരുവിലെത്തും.
വേഗനിയന്ത്രണമുള്ള സമാന്തര പാത
നിലവിലെ വളവുകൾ പരമാവധി നിലനിർത്തി പാത നിർമിക്കുന്ന രൂപരേഖയിലും 160 കിലോമീറ്റർ വരെ വേഗം ലക്ഷ്യമിടുന്നുണ്ട്. എന്നാൽ വിവിധ മേഖലകളിൽ വളവുകളും ട്രാക്ക് മാറ്റങ്ങളും കാരണം വേഗം കുറയുന്ന ഭാഗങ്ങളുണ്ടാകും.
കരക്കാട്-പട്ടാമ്പി, പള്ളിപ്പുറം-പേരശ്ശന്നൂർ മേഖലകളിൽ 110 കിലോമീറ്റർ വരെയും കുറ്റിപ്പുറം-തിരുനാവായ മേഖലയിൽ 100 മുതൽ 130 കിലോമീറ്റർ വരെയും വേഗം നിയന്ത്രിക്കേണ്ടിവരും. കല്ലായി-കോഴിക്കോട് ഭാഗത്ത് വേഗം 30 കിലോമീറ്റർ വരെ കുറയാം.
വെസ്റ്റ് ഹിൽ-ഏലത്തൂർ മേഖലയിൽ 105 കിലോമീറ്ററും വെള്ളറക്കാട്-തിക്കോടിയിൽ 130 കിലോമീറ്ററും ഇരിങ്ങൽ-വടകരയിൽ 110 മുതൽ 130 കിലോമീറ്ററും മുക്കാളി-മാഹി-ജഗന്നാഥ ക്ഷേത്രം മേഖലയിൽ 110 മുതൽ 130 കിലോമീറ്ററും വേഗപരിധിയുണ്ടാകും.
തലശ്ശേരി, ധർമടം, എടക്കാട്, കണ്ണൂർ സൗത്ത്, കണ്ണൂർ എന്നിവിടങ്ങളിലും വേഗനിയന്ത്രണമുണ്ടാകും. കണ്ണൂർ, ചെറുവത്തൂർ, കോട്ടിക്കുളം-കളനാട്, കളനാട്-കാസർകോട് തുടങ്ങിയ മേഖലകളിൽ ട്രാക്ക് മാറ്റം കാരണം വേഗം 30 കിലോമീറ്റർ വരെ കുറയുന്ന ഭാഗങ്ങളുമുണ്ട്. കാസർകോട്-കുമ്പള മേഖലയിൽ 120 കിലോമീറ്ററും മഞ്ചേശ്വരം-ഉള്ളാൾ മേഖലയിൽ 130 കിലോമീറ്ററുമാണ് പരിഗണിക്കുന്ന വേഗം.
ഗ്രീൻഫീൽഡ് രൂപരേഖ
നിലവിലെ പാതയിൽനിന്ന് കൂടുതൽ മാറി പുതിയ റെയിൽപാത നിർമിക്കുന്ന ഗ്രീൻഫീൽഡ് മാതൃകയിലും രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഷൊർണൂർ, തിരുനാവായ, താനൂർ, കോഴിക്കോട്, കൊയിലാണ്ടി, മുക്കാളി, കണ്ണൂർ, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, കാസർകോട്, ഉപ്പള, മംഗളൂരു എന്നിവയാണ് പരിഗണിക്കുന്ന പ്രധാന സ്റ്റേഷനുകൾ.
ഷൊർണൂർ ജംഗ്ഷന്റെ പടിഞ്ഞാറ് ഭാഗത്തുകൂടി ആരംഭിക്കുന്ന പാത ഭാരതപ്പുഴ മുറിച്ചുകടന്ന് കരക്കാട് മേഖലയിലൂടെ കടന്നുപോകും. ചില ഭാഗങ്ങളിൽ നിലവിലെ പാതയിൽനിന്ന് രണ്ടായിരം മീറ്റർ വരെ അകലമുണ്ടാകും. പട്ടാമ്പി സ്റ്റേഷൻ ഒഴിവാക്കി വീണ്ടും ഭാരതപ്പുഴ മുറിച്ചുകടക്കുന്ന പാത കൊടുമുണ്ടയിൽ നിലവിലെ പാത മുറിച്ചുകടന്ന് കിഴക്ക് ഭാഗത്തേക്ക് പ്രവേശിക്കും.
പള്ളിപ്പുറം മുതൽ പാത കിഴക്ക് ഭാഗത്തുകൂടി നീങ്ങും. പേരശ്ശന്നൂർ-കുറ്റിപ്പുറം മേഖലയിൽ നിലവിലെ പാതയിൽനിന്ന് 500 മുതൽ 1900 മീറ്റർ വരെ അകലമുണ്ടാകും. തിരൂർ, താനൂർ-പരപ്പനങ്ങാടി മേഖലയിൽ ഏകദേശം 11 കിലോമീറ്റർ ദൂരത്തിൽ നിലവിലെ പാളത്തിൽനിന്ന് 1200 മീറ്റർ വരെ അകലം പാലിക്കും.
വള്ളിക്കുന്നിലെത്തുമ്പോൾ പാത പടിഞ്ഞാറ് ഭാഗത്തേക്ക് മാറും. വള്ളിക്കുന്ന്-കടലുണ്ടി മേഖലയിൽ നിലവിലെ പാതയിൽനിന്ന് 475 മീറ്റർ വരെ അകലം ഉണ്ടാകും. തുടർന്ന് കടലുണ്ടി, ഫറൂഖ്, കല്ലായി വഴി കോഴിക്കോട് എത്തും.
കോഴിക്കോട് മുതൽ വെസ്റ്റ് ഹിൽ, ഏലത്തൂർ, ചേമഞ്ചേരി, കൊയിലാണ്ടി, പയ്യോളി, വടകര വഴി പാത തുടരും. ഏലത്തൂരിൽ പെട്രോളിയം പ്ലാന്റ് ഉള്ളതിനാൽ സ്റ്റേഷനിൽനിന്ന് ഏകദേശം 430 മീറ്റർ അകലം പാലിക്കും. വടകര-നാദാപുരം മേഖലയിൽ ദേശീയപാത മുറിച്ചുകടക്കും. മുക്കാളിക്ക് ശേഷം മാഹിയിൽ നിലവിലെ പാതയിൽനിന്ന് ഏകദേശം 470 മീറ്റർ അകലം ഉണ്ടാകും.
മാഹി, തലശ്ശേരി, കണ്ണൂർ സൗത്ത് വഴി പടിഞ്ഞാറ് ഭാഗത്തുകൂടി കണ്ണൂരിലെത്തുന്ന പാത പിന്നീട് കിഴക്ക് ഭാഗത്തേക്ക് മാറും. കണ്ണൂരിൽനിന്ന് കണ്ണപുരം, ഏഴിമല മേഖലയിൽ നിലവിലെ പാതയിൽനിന്ന് 1530 മീറ്റർ വരെ അകലമുണ്ടാകും.
പയ്യന്നൂർ, തൃക്കരിപ്പൂർ, ചന്തേര മേഖലകൾ പിന്നിട്ട് ചെറുവത്തൂർ സ്റ്റേഷൻ ഒഴിവാക്കിയാണ് പാത മുന്നോട്ട് പോകുക. ഇവിടെ ദേശീയപാത 66ന് സമീപമെത്തുമ്പോൾ നിലവിലെ റെയിൽപ്പാതയിൽനിന്ന് ഏകദേശം 460 മീറ്റർ അകലമുണ്ടാകും. ചെറുവത്തൂരിന് ശേഷം പാത വീണ്ടും ട്രാക്ക് മുറിച്ചുകടന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് മാറും. തുടർന്ന് നീലേശ്വരം, ബേക്കൽ, കോട്ടിക്കുളം, കാസർകോട്, കുമ്പള, മഞ്ചേശ്വരം വഴി മംഗളൂരുവിലെത്തും.


