കണ്ണൂർ: മാടായി കോളേജിൽ കെഎസ്‌യു–എംഎസ്എഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. എംഎസ്എഫ് ഒരു സീറ്റ് നേടിയതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യുവും എംഎസ്എഫും ഇത്തവണ പ്രത്യേകം മത്സരിച്ചിരുന്നു. എംഎസ്എഫ് ഒരു സീറ്റ് നേടിയതിനെ തുടർന്ന് പ്രവർത്തകർ വിജയാഘോഷം നടത്തി.
കോളേജിന് മുന്നിൽ കെഎസ്‌യു, എംഎസ്എഫ് പ്രവർത്തകർ അടുത്തടുത്തായി നിന്നാണ് വിജയാഘോഷം നടത്തിയത്. ഇതിനിടെ ഇരുവിഭാഗങ്ങളും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു.
സംഘർഷം രൂക്ഷമായതോടെ സ്ഥലത്തുണ്ടായിരുന്ന മുസ്ലിം ലീഗിന്റെയും കോൺഗ്രസിന്റെയും മുതിർന്ന നേതാക്കളും പൊലീസും ഇടപെട്ടു. നേതാക്കളും പൊലീസും ഇടപെട്ടതിനെ തുടർന്ന് പ്രവർത്തകർ പിരിഞ്ഞുപോയി. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നാണ് വിവരം.




