തിരുവനന്തപുരം: വിവാദങ്ങൾക്ക് പിന്നാലെ ഉപയോഗിച്ചിരുന്ന റേഞ്ച് റോവർ ഉടമയ്ക്ക് തിരിച്ചേൽപ്പിച്ച് കെ.എം. ഷാജി. കെ.എം. ഷാജി ഉപയോഗിച്ചിരുന്ന KL 78 A 0009 റേഞ്ച് റോവറാണ് തില്ലങ്കേരി സ്വദേശിയായ യാക്കൂബിന് തിരിച്ചേൽപ്പിച്ചത്. നിലവിൽ വാഹനം യാക്കൂബിന്റെ തില്ലങ്കേരിയിലെ വീട്ടിലാണുള്ളത്.
രണ്ട് ദിവസം മുൻപാണ് വാഹനം തില്ലങ്കേരിയിലെത്തിച്ചത്. യൂറോപ്പിലേക്ക് പോകുന്നതിനാലാണ് വാഹനം തിരിച്ചേൽപ്പിച്ചതെന്ന് യാക്കൂബ് പ്രതികരിച്ചു.
സർക്കാർ വാഹനം ഉപയോഗിക്കേണ്ട സ്ഥാനത്ത് പുറത്തുനിന്നുള്ള വാഹനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നത്. പുറത്തുനിന്നുള്ള വാഹനം ഉപയോഗിക്കുന്നതിന് കൃത്യമായ മാർഗനിർദേശങ്ങളുണ്ടെന്നും മറ്റൊരു വാഹനം ഉപയോഗിക്കാൻ സർക്കാർ ഉത്തരവ് ആവശ്യമായിരുന്നുവെന്നും ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.
റേഞ്ച് റോവർ യാത്ര വിവാദമായതോടെ വാഹനം തന്റേതല്ലെന്നും സുഹൃത്തിന്റേതാണെന്നും കെ.എം. ഷാജി വ്യക്തമാക്കിയിരുന്നു. സർക്കാർ അനുവദിച്ച വാഹനം കണ്ടം ചെയ്ത നിലയിലായതിനാലാണ് നാട്ടിലെ യാത്രകൾക്ക് സുഹൃത്തിന്റെ വാഹനം ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സുഹൃത്തിന്റെ വാഹനം ഉപയോഗിക്കുന്നതിനും വാഹനത്തിൽ പതിമൂന്നാം നമ്പർ പതിപ്പിക്കുന്നതിനും സർക്കാരിന്റെ അനുമതിയുണ്ടായിരുന്നുവെന്നും കെ.എം. ഷാജി നേരത്തെ വിശദീകരിച്ചിരുന്നു.












