ചെന്നൈ: മറീന ബീച്ചിന് സമീപം പട്ടിണപ്പാക്കത്ത് പുതിയ സെക്രട്ടേറിയറ്റ് സമുച്ചയം നിർമിക്കാനുള്ള തമിഴ്നാട് സർക്കാരിന്റെ നീക്കത്തിനെതിരെ സിപിഐഎം. തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.
പുതിയ ഉത്തരവ് പിൻവലിച്ച് സെക്രട്ടേറിയറ്റ് നിർമാണത്തിന് മറ്റൊരു സ്ഥലം കണ്ടെത്തണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം ആവശ്യപ്പെട്ടു. നിർമാണം മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതിദുരന്തങ്ങളെ നേരിടാൻ കൂടുതൽ ജാഗ്രത ആവശ്യമായ പ്രദേശമാണിതെന്ന് പി. ഷൺമുഖം ചൂണ്ടിക്കാട്ടി. ബീച്ചിനോട് ചേർന്ന് സെക്രട്ടേറിയറ്റ് സമുച്ചയം വരുന്നത് പ്രദേശത്ത് തിരക്ക് വർധിപ്പിക്കുമെന്നും നിരവധി സ്കൂളുകൾ സ്ഥിതി ചെയ്യുന്ന മേഖലയാണിതെന്നും അദ്ദേഹം പറഞ്ഞു.
വിഷയം ചർച്ച ചെയ്യാൻ സർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്നും ഷൺമുഖം ആവശ്യപ്പെട്ടു. പ്രദേശത്ത് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചാൽ എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2004ലെ സുനാമിയിൽ പ്രദേശം ഗുരുതരമായി ബാധിച്ചിരുന്നുവെന്നും ഭാവിയിൽ സമാനമായ ദുരന്തം ഉണ്ടാകില്ലെന്ന് സർക്കാരിന് ഉറപ്പ് നൽകാനാകുമോയെന്നും ഷൺമുഖം ചോദിച്ചു. സുനാമിയെ തടയാൻ സർക്കാർ പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചതായി അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
ബീച്ച് പരിസരത്ത് വീടുകൾ വേണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം സർക്കാർ പരിഗണിക്കണമെന്നും അവരുമായി ചർച്ച നടത്തണമെന്നും ഷൺമുഖം ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റ് സമുച്ചയ നിർമാണത്തിനെതിരെ സിപിഐഎം ശനിയാഴ്ച പ്രതിഷേധിച്ചിരുന്നു.




