മുംബൈ: മഹാരാഷ്ട്രയിൽ അമിതവേഗത്തിലെത്തിയ ബി.എം.ഡബ്ല്യു. കാർ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് കോളേജ് വിദ്യാർഥികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മുംബൈ കോസ്റ്റൽ റോഡിൽ ഇന്ന് പുലർച്ചെ 5.20-ഓടെയാണ് അപകടമുണ്ടായത്.
മറൈൻ ഡ്രൈവ് ഭാഗത്തുനിന്ന് ഹാജിയേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് കോസ്റ്റൽ റോഡിന്റെ മതിലിൽ ഇടിച്ച ശേഷം 75 അടി താഴേക്ക് പതിക്കുകയായിരുന്നു. കാർ വായുവിൽ പലതവണ മറിഞ്ഞ് താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അപകടത്തിൽ സനായ് ഗുജ്ജാർ, ധൈര്യ സേത്ത്, ആദിത്യ ജകസാനിയ എന്നിവരാണ് മരിച്ചത്. 21കാരനായ സനായ് ഗുജ്ജാറും 17കാരനായ ധൈര്യ സേത്തും 19കാരനായ ആദിത്യ ജകസാനിയയും ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശികളാണ്. മുംബൈയിലെ വിക്രം സാരാഭായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ ബി.ബി.എ. വിദ്യാർഥികളായിരുന്നു ഇവർ.
കാറിലുണ്ടായിരുന്ന നാലാമത്തെ യാത്രികനായ 23കാരനായ ആദിത്യ ഓസ്വാളിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ മുംബൈയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
മരിച്ച സനായ് ഗുജ്ജാറാണ് കാർ ഓടിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. ഗുജ്ജാറിന്റെ കുടുംബാംഗത്തിന്റേതാണ് കാർ. അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ച് അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചതായും പൊലീസ് അറിയിച്ചു.













