ന്യൂഡൽഹി: ജുവനൈൽ ജസ്റ്റിസ് (കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ) ആക്ട് 2015ലെ സെക്ഷൻ 21 ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം. ഡൽഹിയിലെ സി.എം. ശ്രീ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി മാളവിക ആർ. തീക്കാടനാണ് നിവേദനം നൽകിയത്.
ബലാത്സംഗം, കൂട്ടബലാത്സംഗം എന്നിവയ്ക്ക് ശേഷം മനഃപൂർവം കൊലപാതകം നടത്തുന്ന 16 മുതൽ 18 വയസ്സുവരെയുള്ള പ്രതികളെ, നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മുതിർന്നവരായി വിചാരണ ചെയ്യാൻ കോടതിക്ക് അധികാരം നൽകണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.
ഇത്തരം കേസുകളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ജീവപര്യന്തം തടവ് ഉൾപ്പെടെയുള്ള ശിക്ഷകൾ നൽകാൻ കോടതിക്ക് അധികാരം നൽകുന്ന തരത്തിൽ നിയമം ഭേദഗതി ചെയ്യണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു. ഡൽഹിയിലെ സ്വരൂപ് നഗറിൽ 16 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നിവേദനം നൽകിയത്.
കുറ്റാരോപിതരായ കുട്ടികളുടെ അവകാശങ്ങൾ നിയമം സംരക്ഷിക്കുന്നതുപോലെ, ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്ന കുട്ടികളുടെ ജീവനും അന്തസ്സും അവകാശങ്ങളും സംരക്ഷിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു. അതീവ ഗുരുതരമായ കേസുകളിൽ നിലവിലുള്ള ശിക്ഷാ വ്യവസ്ഥകൾ പുനഃപരിശോധിച്ച് ആവശ്യമായ നിയമഭേദഗതികൾ കൊണ്ടുവരണമെന്നും നിവേദനത്തിൽ പറയുന്നു.












