കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നത് തടയൽ തുടങ്ങിയ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ 11 എക്സ്ചേഞ്ച് കമ്പനികളുടെ പ്രവർത്തനം കുവൈത്ത് അധികൃതർ താൽക്കാലികമായി സസ്പെൻഡ് ചെയ്തു. ഇടത്തരം മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി.
നിയമവിരുദ്ധവും സംശയാസ്പദവുമായ സാമ്പത്തിക ഇടപാടുകൾ തടയുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനുമായി അധികൃതർ പരിശോധന ശക്തമാക്കിയിട്ടുണ്ട്. സെൻട്രൽ ബാങ്കിന്റെ നിർദേശപ്രകാരം സാങ്കേതിക സംവിധാനങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പരിഷ്കരിക്കുന്നതുവരെ കമ്പനികൾക്ക് വിലക്ക് തുടരും.
ഘട്ടംഘട്ടമായാണ് കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ചത്. സസ്പെൻഷൻ നിലവിൽ വരുന്നതിന് മുമ്പ് പ്രോസസ് ചെയ്ത ഇടപാടുകളുടെ സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകാൻ കമ്പനികൾക്ക് അനുമതിയുണ്ട്.
പണമയക്കുന്നയാളുടെയും യഥാർഥ ഗുണഭോക്താവിന്റെയും വിവരങ്ങൾ കൃത്യമായി പരിശോധിക്കണമെന്നും സംശയാസ്പദമായ ഇടപാടുകൾ കണ്ടെത്താൻ ‘ഏർലി വാണിംഗ്’ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ നിർദേശങ്ങൾ അനുസരിച്ച് സാമ്പത്തിക ഉപരോധമോ സ്വത്ത് കണ്ടുകെട്ടലോ നേരിടുന്ന വ്യക്തികൾക്കും സംഘടനകൾക്കും ധനകാര്യ സേവനങ്ങൾ നൽകുന്നില്ലെന്ന് എക്സ്ചേഞ്ച് കമ്പനികൾ ഉറപ്പാക്കണമെന്നും അധികൃതർ അറിയിച്ചു.
കുവൈത്ത് സെൻട്രൽ ബാങ്കിന്റെ മേൽനോട്ടത്തിൽ നിലവിൽ 33 ലൈസൻസുള്ള എക്സ്ചേഞ്ച് കമ്പനികളാണ് പ്രവർത്തിക്കുന്നത്. വിദേശത്തേക്ക് പണമയക്കുന്ന പ്രവാസികൾ അംഗീകൃതവും സുരക്ഷിതവുമായ മാർഗങ്ങൾ മാത്രം ഉപയോഗിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.












