സുഹൃത്തിന്റെ ആഡംബര റേഞ്ച് റോവർ ഉപയോഗിച്ചതിനെ ചൊല്ലിയുള്ള വിവാദത്തിൽ വാഹനം, ഉടമയ്ക്ക് തിരിച്ചുനൽകിയെങ്കിലും മന്ത്രി കെ.എം. ഷാജിക്ക് നിയമകുരുക്കിന് സാധ്യത. വാഹനം ഉപയോഗിച്ചതിലെ നടപടിക്രമങ്ങൾ, സ്വകാര്യ വാഹനത്തിൽ ‘കേരള സ്റ്റേറ്റ് 13’ എന്ന ബോർഡ് സ്ഥാപിച്ചത്, ദേശീയ ചിഹ്നം ഉപയോഗിച്ചത് എന്നിവയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇതിന് ആവശ്യമായ സർക്കാർ അനുമതികൾ ഉണ്ടായിരുന്നോ എന്ന പ്രശ്‌നവും നിലനിൽക്കുന്നു.
ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകളുടെ പ്രതിഷേധത്തിനും മാധ്യമവാർത്തകൾക്കും പിന്നാലെ വാഹനം ഉടമയ്ക്ക് തിരിച്ചുനൽകുകയും, സുഹൃത്തുക്കൾ നൽകുന്ന വാഹനം ഇനിയും ഉപയോഗിക്കുമെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ വാഹനം കൈമാറിയതുകൊണ്ട് മാത്രം പ്രശ്നം അവിടെ അവസാനിക്കുമോ അതോ തുടർ നിയമനടപടികൾക്ക് സാധ്യതയുണ്ടോ എന്നാണ് രാഷ്ട്രീയ-നിയമ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
മന്ത്രിയുടെ ഔദ്യോഗിക വാഹനമായി സർക്കാർ അനുവദിച്ചിരുന്ന ഇന്നോവ ക്രിസ്റ്റ നാലുലക്ഷം കിലോമീറ്ററിലേറെ ഓടിയെന്നും ദീർഘദൂര യാത്രകൾക്ക് അനുയോജ്യമല്ലാതായതിനാലാണ് സുഹൃത്തിന്റെ റേഞ്ച് റോവർ ഉപയോഗിച്ചതെന്നുമാണ് ഷാജിയുടെ വിശദീകരണം. വാഹനത്തിന് വാടക നൽകിയിട്ടില്ലെന്നും ഇന്ധനം ഉൾപ്പെടെയുള്ള ചെലവുകൾ സർക്കാർ ഖജനാവിൽ നിന്ന് ഈടാക്കിയിട്ടില്ലെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
എന്നാൽ ഒരു മന്ത്രിക്ക് ഔദ്യോഗിക വാഹനം തകരാറിലായാൽ സ്വകാര്യ വ്യക്തികളിൽ നിന്ന് മുന്തിയ വാഹനം വാങ്ങി സർക്കാർ ബോർഡ് വെച്ച് ഉപയോഗിക്കാൻ ചട്ടങ്ങൾ അനുവദിക്കുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. സ്വകാര്യ ഉടമസ്ഥതയിലുള്ള വാഹനത്തിൽ ഔദ്യോഗിക വാഹനത്തിന് അനുവദിച്ച നമ്പർ ഉപയോഗിക്കുന്നതിന്റെ നിയമസാധുത സംബന്ധിച്ച ചോദ്യം പുതിയതല്ല. 2015-ൽ മുൻ മന്ത്രി എം.കെ. മുനീറിന്റെ റേഞ്ച് റോവർ ഉപയോഗവുമായി ബന്ധപ്പെട്ടും സമാനമായ നിയമപ്രശ്‌നം ഉയർന്നിരുന്നു. അന്ന് സ്വകാര്യ വാഹനത്തിൽ മറ്റൊരു ഔദ്യോഗിക വാഹനത്തിന് അനുവദിച്ച നമ്പർ ഉപയോഗിക്കുന്ന രീതി നിയമവിരുദ്ധമാണെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോഴത്തെ സംഭവത്തിൽ സർക്കാർ അനുമതിയോടെയാണ് ’13’-ാം നമ്പർ പതിപ്പിച്ചതെന്നാണ് ഷാജിയുടെ വിശദീകരണം.
1989-ലെ കേരള മോട്ടോർ വെഹിക്കിൾ റൂൾസിൽ 2015-ൽ കൊണ്ടുവന്ന ഭേദഗതിയായ റൂൾ 92A പ്രകാരം, സർക്കാരിൽനിന്ന് മന്ത്രിമാർക്ക് ഔദ്യോഗികമായി അനുവദിച്ച വാഹനങ്ങളിൽ മാത്രമേ ‘കേരള സ്റ്റേറ്റ്’ ബോർഡും നമ്പറും സ്ഥാപിക്കാൻ പാടുള്ളൂ. മന്ത്രിമാർ പ്രത്യേക സാഹചര്യങ്ങളിൽ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ പൊതുഭരണ വകുപ്പിൽനിന്ന് പ്രത്യേക സർക്കാർ ഉത്തരവ് മുൻകൂറായി വാങ്ങി പ്രസിദ്ധീകരിക്കേണ്ടതുണ്ടെന്നിരിക്കെ, ഈ റേഞ്ച് റോവറിന്റെ കാര്യത്തിൽ അത്തരമൊരു സർക്കാർ ഉത്തരവോ ഔദ്യോഗിക അനുമതിയോ നിലവിലില്ലാത്തത് ചട്ടലംഘനമായി വ്യാഖ്യാനിക്കപ്പെടാൻ ഇടയുണ്ട്. മുൻപ് മന്ത്രിയായിരുന്ന കെ.ബി. ഗണേഷ് കുമാർ ഇത്തരത്തിൽ സ്വകാര്യ വാഹനത്തിൽ ബോർഡ് വെക്കാൻ അപേക്ഷ നൽകിയപ്പോൾ സർക്കാർ അത് നിരസിച്ച മുൻകാല ചരിത്രവുമുണ്ട്.
കേന്ദ്ര ചിഹ്ന ദുരുപയോഗ നിയമപ്രകാരമുള്ള ലംഘന സാധ്യതയും ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സ്വകാര്യ വാഹനങ്ങളിൽ അനുമതിയില്ലാതെ സ്റ്റേറ്റ് എംബ്ലം പതിക്കുന്നത് 2005-ലെ ‘സ്റ്റേറ്റ് എംബ്ലം ഓഫ് ഇന്ത്യ (പ്രൊഹിബിഷൻ ഓഫ് ഇംപ്രോപ്പർ യൂസ്) ആക്ട്’ സെക്ഷൻ 3-ന്റെ പരിധിയിൽ വരുമോ എന്ന സംശയവും ഉയരുന്നുണ്ട്. ഇത്തരം നിയമങ്ങൾ മുൻനിർത്തി ഏതെങ്കിലും തരത്തിലുള്ള പരാതികൾ ഉയർന്നാൽ അത് നിയമപരമായ വിശദീകരണങ്ങൾ തേടുന്നതിലേക്ക് നയിച്ചേക്കാം.
ഭരണഘടനാ പദവിയിലിരിക്കുന്ന ഒരു മന്ത്രി, സ്വകാര്യ വ്യക്തികളിൽ നിന്നോ വ്യവസായികളിൽ നിന്നോ പ്രതിഫലമില്ലാതെ ഇത്തരത്തിൽ ആഡംബര വാഹനങ്ങൾ കൈപ്പറ്റുന്നത് വഴിവിട്ട സഹായമായി കണക്കാക്കപ്പെടുമോ എന്ന ധാർമ്മിക ചോദ്യങ്ങളും ബാക്കിയാണ്. ഇത് സത്യപ്രതിജ്ഞാ ലംഘനത്തിലേക്കോ അഴിമതി നിരോധന നിയമം, കേരള ലോകായുക്ത ആക്ട് തുടങ്ങിയവയുടെ പരിധിയിലുള്ള അന്വേഷണ സാധ്യതകളിലേക്കോ വഴിതുറക്കുമോ എന്ന സംശയങ്ങളും നിലനിൽക്കുന്നുണ്ട്. വാഹനം തിരികെ നൽകി വിവാദത്തിൽ നിന്ന് പിന്മാറാൻ ശ്രമിക്കുമ്പോഴും, നടപടിക്രമങ്ങളിലെ ഇത്തരം അവ്യക്തതകൾ ഷാജിയെ പുതിയ ഭരണ-നിയമ പ്രതിസന്ധികളിലേക്ക് നയിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.


