ചെന്നൈ: തനിക്കെതിരെ സഹോദരി രാധ ഉന്നയിച്ച ചെക്ക് തട്ടിപ്പ് ആരോപണം നിഷേധിച്ച് നടി അംബിക രംഗത്ത്. തന്നെ വഞ്ചിച്ചത് രാധയാണെന്നും 50 സെന്റ് ഭൂമിയും സ്വർണവും ഉൾപ്പെടെ സഹോദരി തട്ടിയെടുത്തിട്ടുണ്ടെന്നും അംബിക ആരോപിച്ചു.
തർക്കപരിഹാരത്തിന്റെ ഭാഗമായി രാധ തന്നെയാണ് ചില ചെക്കുകൾ കൈമാറിയതെന്നും ഇക്കാര്യം മറച്ചുവെച്ചാണ് തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നതെന്നും അംബിക പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അംബിക നൽകിയ പരാതിയിൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, തന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന ഏകദേശം 50 കോടി രൂപയുടെ ചെക്കുകൾ അംബികയും സഹോദരൻ മല്ലികാർജുനും ചേർന്ന് എടുത്തുകൊണ്ടുപോയി ബാങ്കിൽ പണമാക്കി മാറ്റാൻ ശ്രമിച്ചെന്നാണ് രാധ ചെന്നൈ പൊലീസിന് നൽകിയ പരാതിയിലെ ആരോപണം.
എആർഎസ് ഗാർഡൻ സ്റ്റുഡിയോ എന്ന പേരിലുണ്ടായിരുന്ന ആർ.ആർ. ഗാർഡൻ എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട ചെക്കുകളാണ് ദുരുപയോഗം ചെയ്യാൻ ശ്രമിച്ചതെന്നും രാധ പരാതിയിൽ പറയുന്നു. സ്ഥാപനത്തിന്റെ വിവിധ ആവശ്യങ്ങൾക്കായി ഒപ്പിട്ട് സൂക്ഷിച്ചിരുന്ന ചെക്കുകളാണ് നഷ്ടപ്പെട്ടതെന്നാണ് ആരോപണം.
11 ലക്ഷം, 13.17 കോടി, 27.73 കോടി, 7 കോടി, 1.79 കോടി രൂപ എന്നിങ്ങനെ വിവിധ തുകകൾ രേഖപ്പെടുത്തിയ ചെക്കുകളാണ് ഉണ്ടായിരുന്നതെന്നാണ് രാധയുടെ പരാതി. ഐഡിഐബി ബാങ്കിന്റെ പേരിലുള്ള ചെക്കുകളാണിവ.
താൻ വീട്ടിലില്ലാതിരുന്ന സമയത്ത് അംബികയും മല്ലികാർജുനും ചേർന്ന് മുറിയിൽ നിന്ന് ചെക്കുകൾ എടുത്തുകൊണ്ടുപോയെന്നാണ് രാധയുടെ ആരോപണം. ഇരുവരും ഒരേ കെട്ടിടത്തിലെ വ്യത്യസ്ത നിലകളിലുള്ള ഫ്ലാറ്റുകളിലാണ് താമസിക്കുന്നത്. തന്റെ മുറിയുടെ താക്കോൽ അംബികയുടെ കൈവശമുണ്ടായിരുന്നുവെന്നും രാധ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
സെപ്റ്റംബർ 17ന് ബാങ്കിൽ നിന്ന് ഫോൺ ലഭിച്ചപ്പോഴാണ് ചെക്കുകൾ നഷ്ടപ്പെട്ട വിവരം അറിഞ്ഞതെന്നും രാധ പറയുന്നു. അംബിക നായരുടെ പേരിലേക്ക് പണം മാറ്റുന്നതിനായി മല്ലികാർജുന്‍ ചെക്കുമായി ബാങ്കിലെത്തിയെന്നും എന്നാൽ സ്ഥാപനത്തിന്റെ പേര് മാറ്റുന്നതിന് മുമ്പുള്ള ചെക്കുകളായതിനാൽ അവ ഉപയോഗിക്കാൻ കഴിയില്ലെന്ന് ബാങ്ക് അധികൃതരെ അറിയിച്ചതായും പരാതിയിൽ പറയുന്നു.
ഇരുസഹോദരിമാരും പരസ്പരം ഉന്നയിച്ച ആരോപണങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.














