തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് നേതാക്കൾ തമ്മിലുണ്ടായ കയ്യാങ്കളിയിൽ പാർട്ടി നടപടി. രമ്യ ഹരിദാസ് എംഎൽഎയ്ക്കും യൂത്ത് കോൺഗ്രസ് നേതാവ് സജിത്ത് മുട്ടമ്പലത്തിനും കെപിസിസി താക്കീത് നൽകി. സംഭവവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ ഇരു വിഭാഗങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.
ചിറയിൻകീഴിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കെപിസിസി പ്രത്യേക സമിതിക്കും രൂപം നൽകി. പാലോട് രവിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ എൻ. വിൻസന്റ്, കെ.എസ്. ശബരീനാഥൻ, നെയ്യാറ്റിൻകര സനൽ എന്നിവർ അംഗങ്ങളാണ്.
ചിറയിൻകീഴിലെ തമ്മിലടിയിലൂടെ പാർട്ടിക്ക് അവമതിപ്പുണ്ടായെന്നാണ് കെപിസിസിയുടെ വിലയിരുത്തൽ. സംഭവത്തെക്കുറിച്ച് അന്വേഷിച്ച എം.എം. ഹസൻ അധ്യക്ഷനായ സമിതി രമ്യ ഹരിദാസ് എംഎൽഎയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോർട്ട് നൽകിയിരുന്നു. വിഷയത്തിൽ പക്വതയോടെ ഇടപെടുന്നതിൽ എംഎൽഎയ്ക്ക് വീഴ്ച സംഭവിച്ചെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
തനിക്കെതിരെ അപവാദ പ്രചാരണം ഉണ്ടായപ്പോൾ കെപിസിസിയെ സമീപിക്കുന്നതിന് പകരം അനാവശ്യമായി വിവാദം സൃഷ്ടിച്ചെന്നും അന്വേഷണ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. റിപ്പോർട്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് സമർപ്പിച്ചതിന് പിന്നാലെയാണ് നടപടി.
സെപ്റ്റംബർ നാലിനാണ് രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായത്. ഔദ്യോഗിക യോഗത്തിൽ എംഎൽഎയുടെ അനുയായിയായ പാളയം പ്രദീപ് പങ്കെടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവങ്ങൾക്ക് തുടക്കമിട്ടത്.
യോഗത്തിൽ പ്രദീപ് പങ്കെടുക്കുകയും ചില കരാറുകാർക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തതിനെതിരെ പ്രാദേശിക തലത്തിൽ എതിർപ്പുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ രമ്യ ഹരിദാസ് പിന്നീട് വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചതും വിവാദമായി. ഇത് ചോദ്യം ചെയ്ത് കോൺഗ്രസ് പ്രാദേശിക നേതാവ് സജാദ് ഗ്രൂപ്പിൽ സന്ദേശമയച്ചതിന് പിന്നാലെയാണ് സംഘർഷം രൂക്ഷമായത്.
രാത്രിയോടെ രമ്യ ഹരിദാസും സംഘവും സജാദിന്റെ വീട്ടിലെത്തിയതോടെയാണ് തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയത്. വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗവും വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനുമായ സജിത്ത് മുട്ടമ്പലം ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു.












