വിജയവാഡ: ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാറിൽ വീണ് യുവതിക്ക് ദാരുണാന്ത്യം. വിജയവാഡ സ്വദേശിനി സുജാത (46) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ഭക്തർക്കായി അന്നദാനം ഒരുക്കുന്നതിനിടെ പാചകപ്പുരയിലാണ് അപകടമുണ്ടായത്.
സാമ്പാർ നിറച്ച വലിയ ചെമ്പ് മാറ്റിവെക്കാൻ സഹായിക്കുന്നതിനിടെ സുജാത അബദ്ധത്തിൽ തിളച്ച സാമ്പാറിലേക്ക് വീഴുകയായിരുന്നു. സുജാതയും മറ്റൊരാളും ചേർന്ന് വലിയ ചെമ്പ് കൊണ്ടുപോകുന്നതിന്റെയും സുജാത അതിലേക്ക് വീഴുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഗുരുതരമായി പൊള്ളലേറ്റ സുജാതയെ സംഘാടകരും നാട്ടുകാരും ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ മരിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സുജാത പാത്രത്തിലേക്ക് വീഴാനുണ്ടായ സാഹചര്യം ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.












