ഏകതാനഗർ: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് മികച്ച നടനുള്ള പുരസ്കാരം നടൻ മമ്മൂട്ടി ഏറ്റുവാങ്ങി. ‘ബ്രഹ്മയുഗം’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം ലഭിച്ചത്. കാർത്തിക് ആര്യനും മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി. ‘ചന്തു ചാമ്പ്യൻ’ എന്ന ചിത്രത്തിലെ പ്രകടനമാണ് കാർത്തിക് ആര്യനെ പുരസ്കാരത്തിന് അർഹനാക്കിയത്.
മുതിർന്ന നടൻ അനന്ത് നാഗ് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി. മികച്ച നടിക്കുള്ള പുരസ്കാരം ‘ആർട്ടിക്കിൾ 370’ എന്ന ചിത്രത്തിലെ പ്രകടനത്തിന് യാമി ഗൗതം ഏറ്റുവാങ്ങി.
മികച്ച വനിതാ പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം വൈക്കം വിജയലക്ഷ്മി ഏറ്റുവാങ്ങി. പുരസ്കാരം ഏറ്റുവാങ്ങിയ വേളയിൽ സദസ് എഴുന്നേറ്റ് നിന്ന് അവരെ ആദരിച്ചു.
മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്കാരം ‘രായൻ’ നേടി. ചിത്രത്തിനായി ധനുഷ് പുരസ്കാരം ഏറ്റുവാങ്ങി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ‘ഫെമിനിച്ചി ഫാത്തിമ’ നേടി. മികച്ച ഹിന്ദി ചിത്രത്തിനുള്ള പുരസ്കാരം ‘ശ്രീകാന്ത്’ സ്വന്തമാക്കി.
‘ലക്കി ഭാസ്കർ’ എന്ന ചിത്രത്തിലൂടെ വെങ്കി അറ്റ്ലൂരി മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി. ‘കൽക്കി 2898 എ.ഡി.’ മികച്ച ജനപ്രിയ വിനോദ ചിത്രത്തിനുള്ള പുരസ്കാരവും സ്വന്തമാക്കി.
ഗുജറാത്തിലെ നർമദ ജില്ലയിൽ കെവാഡിയയിലെ ഏകതാനഗറിലാണ് പുരസ്കാര വിതരണച്ചടങ്ങ് നടന്നത്. മമ്മൂട്ടിയുടെ നാലാമത്തെ ദേശീയ പുരസ്കാരമാണിത്. ‘മതിലുകൾ’, ‘ഒരു വടക്കൻ വീരഗാഥ’, ‘പൊന്തൻ മാട’, ‘വിധേയൻ’, ‘ഡോ. ബാബാസാഹേബ് അംബേദ്കർ’ എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങൾക്കും മമ്മൂട്ടിക്ക് നേരത്തെ ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്.












