കണ്ണൂർ: കെ എം ഷാജിക്ക് റേഞ്ച് റോവർ നൽകിയ വ്യവസായി യാക്കൂബിനായി സർക്കാർ വഴിവിട്ട ഇടപെടൽ നടത്തിയോ എന്ന റിപ്പോർട്ടുകൾ ഗൗരവമുള്ളതാണെന്ന് സിപിഐഎം നേതാവ് പി ജയരാജൻ. യാക്കൂബ് കെ എം ഷാജിക്ക് റേഞ്ച് റോവർ സൗജന്യമായി നൽകിയതാണോ എന്നും അദ്ദേഹം ചോദിച്ചു. കാവുംപടി എച്ച്എസ്എസ് മാനേജ്‌മെന്റ് തർക്കത്തിൽ വിദ്യാഭ്യാസമന്ത്രി ഇടപെട്ടതായും ജയരാജൻ ആരോപിച്ചു.
മന്ത്രിമാരുടെ വിദേശയാത്രകളിൽ സർക്കാർ ചെലവാണോ എന്നതാണ് പരിശോധിക്കേണ്ടതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ പറഞ്ഞു. നിയമപരമായ പ്രശ്‌നമില്ലെങ്കിലും ധാർമികത പരിഗണിക്കണമെന്നും അവർ വ്യക്തമാക്കി. സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ഇഡി അന്വേഷണം ആരംഭിച്ചതിനെ വിമർശിച്ച ശൈലജ, ഇഡിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തു.
പിണറായിയെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളുടെ ഭാഗമായാണ് അന്വേഷണം നടക്കുന്നതെന്ന ആരോപണവുമായി ഇ പി ജയരാജനും രംഗത്തെത്തി. പിണറായിയെ തകർക്കാൻ കഴിയാതെ വന്നതോടെയാണ് കുടുംബത്തെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, പിണറായിക്കെതിരായ നീക്കത്തിന് പിന്നിൽ ബിജെപി–യുഡിഎഫ് ധാരണയുണ്ടെന്ന ആരോപണവുമായി തോമസ് ഐസക് രംഗത്തെത്തി. ഇഡിയുടെ അന്വേഷണവും അതിന് യുഡിഎഫ് നൽകുന്ന പിന്തുണയും ദേശീയതലത്തിൽ ചർച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു.













