പാലക്കാട്: ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നവർ ഉൾപ്പെട്ട റേഷൻ കാർഡുകളുടെ പരിശോധനയും തരംമാറ്റ നടപടികളും ആരംഭിച്ചു. മുൻഗണനാ വിഭാഗത്തിലുള്ള മഞ്ഞ (എ.എ.വൈ.), പിങ്ക് (പി.എച്ച്.എച്ച്.) റേഷൻ കാർഡുകളിലെ കുടുംബാംഗങ്ങളിൽ ആരെങ്കിലും ആദായനികുതി അടയ്ക്കുന്നവരോ നിശ്ചിത പരിധിക്ക് മുകളിൽ വാർഷിക വരുമാനമുള്ളവരോ ആണെന്ന് കണ്ടെത്തിയാൽ കാർഡ് വെള്ള വിഭാഗത്തിലേക്ക് മാറ്റും.
ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ആധാർ നമ്പറുമായി ബന്ധിപ്പിച്ച പാൻ കാർഡ് ഉപയോഗിക്കുന്നതിനാൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ സിവിൽ സപ്ലൈസ് വകുപ്പിന്റെ ഐ.ടി. സെല്ലിന് കൈമാറിയിട്ടുണ്ട്. ഈ വിവരങ്ങൾ ഉപയോഗിച്ച് എ.ഐ. സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് മുൻഗണനാ വിഭാഗത്തിൽ അനർഹരായവർ ഉണ്ടോയെന്ന് പരിശോധിച്ചത്. വാർഷിക വരുമാനം മൂന്ന് ലക്ഷത്തിന് മുകളിലുള്ളവരുടെ വിവരങ്ങൾ സപ്ലൈ ഓഫീസുകൾക്ക് കൈമാറിയിരുന്നു.
ഇതിന് പുറമെ ഭൂമി, വാഹന ഉടമസ്ഥത, വായ്പകൾ, ജി.എസ്.ടി. രജിസ്ട്രേഷൻ, ഇ.പി.എഫ്.ഒ. തുടങ്ങിയ പത്തിലധികം മേഖലകളിലെ വിവരങ്ങളും പരിശോധിച്ചാണ് അനർഹരെ കണ്ടെത്തുന്നത്. കണ്ടെത്തുന്നവരെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ പുനഃപരിശോധിച്ച ശേഷമാണ് റേഷൻ കാർഡ് തരംമാറ്റുന്നത്.
വിവാഹിതരായവരും സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുമായ പലരും ഇപ്പോഴും കുടുംബ റേഷൻ കാർഡ് വേർതിരിച്ചിട്ടില്ലെന്നാണ് അധികൃതരുടെ കണ്ടെത്തൽ. വീടുമാറി താമസിക്കുന്നവരും ദൂരസ്ഥലങ്ങളിൽ സ്ഥിരതാമസമാക്കിയവരുമടക്കം കൂട്ടുകുടുംബ റേഷൻ കാർഡ് വേർതിരിക്കാത്തതിനെ തുടർന്ന് കാർഡിലുള്ള അർഹരായ മറ്റ് അംഗങ്ങൾക്കും റേഷൻ ആനുകൂല്യം നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്.
ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നവർക്ക് റേഷൻ കാർഡ് വേർതിരിച്ച് മറ്റ് കുടുംബാംഗങ്ങളുടെ ആനുകൂല്യം നിലനിർത്താം. ഇത് സാധ്യമല്ലാത്തവർക്ക് കാർഡ് വെള്ള വിഭാഗത്തിലേക്ക് മാറ്റാം. വരുമാനമുള്ള മക്കളുണ്ടെങ്കിലും മാതാപിതാക്കളെ സംരക്ഷിക്കാത്ത സാഹചര്യങ്ങളും പരിശോധനയിൽ പരിഗണിക്കും. സിവിൽ സപ്ലൈസ് വകുപ്പ് ഫോണിൽ ബന്ധപ്പെടുമ്പോൾ ഇക്കാര്യം ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പാക്കും.
നിശ്ചിത സമയപരിധിക്ക് ശേഷവും തെറ്റായ വിവരങ്ങൾ നൽകി മുൻഗണനാ റേഷൻ കാർഡിൽ തുടരുന്നവർ നിയമനടപടി നേരിടേണ്ടിവരും.












