കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ 42കാരൻ അറസ്റ്റിൽ. പരവൂർ കൂനയിൽ ആയിരവില്ലിക്കാവിന് സമീപം മേച്ചിലിഴകം വീട്ടിൽ രാജേന്ദ്രബാബുവാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച വൈകിട്ട് ഡാൻസ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് പ്രതി ഇരുചക്രവാഹനത്തിൽ കയറ്റുകയായിരുന്നു. പരിചയക്കാരനായതിനാൽ പെൺകുട്ടി വാഹനത്തിൽ കയറി.
വീട്ടിലെത്തിയ ശേഷം പ്രതി പെൺകുട്ടിയെ കടന്നുപിടിക്കാനും പീഡിപ്പിക്കാനും ശ്രമിച്ചതായാണ് പൊലീസ് പറയുന്നത്. വീട്ടിൽ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ പ്രതി വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാൻ അകത്തേക്ക് പോയ പെൺകുട്ടിയെ പിന്തുടർന്നെത്തി അതിക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.
പെൺകുട്ടി ബഹളം വെച്ചതോടെ ശബ്ദം കേട്ടെത്തിയ പരിസരവാസികൾ പ്രതിയെ തടഞ്ഞുവെച്ച് പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പരവൂർ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


