ആലപ്പുഴ: ചേർത്തലയിൽ യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. എറണാകുളം ഇലഞ്ഞി സ്വദേശി രതീഷ് (25) ആണ് ശിക്ഷിക്കപ്പെട്ടത്. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എ. ഇന്ദു ചന്ദനാണ് ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. ആക്രമണത്തിൽ പരിക്കേറ്റ യുവതിക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ ലീഗൽ എയ്ഡ് സെല്ലിനെ സമീപിക്കാനും കോടതി നിർദേശിച്ചു. വിധിക്ക് പിന്നാലെ പ്രതിയെ ജില്ലാ ജയിലിലേക്ക് മാറ്റി.
2015 നവംബർ 11നായിരുന്നു സംഭവം. കൊച്ചിയിലെ ജോലി കഴിഞ്ഞ് ട്രെയിനിൽ ചേർത്തല റെയിൽവേ സ്റ്റേഷനിലെത്തിയ യുവതി സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. ചേർത്തല ആഞ്ഞിലിപ്പാലത്തിന് സമീപം ബൈക്കിലെത്തിയ പ്രതി യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതി ചേർത്തലയിലെയും പിന്നീട് എറണാകുളത്തെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി.
കോട്ടയം പാമ്പാടി എൻജിനീയറിങ് കോളേജിൽ ഒരുമിച്ച് പഠിച്ചിരുന്ന സഹപാഠികളും അടുത്ത സുഹൃത്തുക്കളുമായിരുന്നു പ്രതിയും യുവതിയും. യുവതിയുടെ മൊഴിയും പരിക്കുകളും അടിസ്ഥാനമാക്കി ചേർത്തല പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിനിടെ പ്രതിയുടെ ശരീരത്തിലുണ്ടായ ആസിഡ് പൊള്ളലും കേസിലെ പ്രധാന തെളിവായി. പൊലീസ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചു.
കേസിൽ പ്രോസിക്യൂഷൻ 38 സാക്ഷികളെയും 41 രേഖകളും 23 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. എറണാകുളം മെഡിക്കൽ സെന്ററിലെ പ്ലാസ്റ്റിക് സർജനെയും വിസ്തരിച്ചു. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി. പ്രവീൺ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.


