തിരുവനന്തപുരം: ജിഎൻഎയുമായി വൈദ്യുതി വാങ്ങുന്നതിന് കരാറൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഹിമാചൽ വൈദ്യുതി, ജിഎൻഎ വൈദ്യുതി എന്നീ രണ്ട് പ്രൊപ്പോസലുകളാണ് ലഭിച്ചതെന്നും ഇതിൽ കൂടുതൽ ലാഭകരമെന്ന് കണ്ടതിനാലാണ് ജിഎൻഎയുടെ പ്രൊപ്പോസൽ പരിഗണിച്ചതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എന്നാൽ ജിഎൻഎയുമായി വൈദ്യുതി ബോർഡ് കരാറിൽ ഒപ്പിട്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സമ്മർദം ചെലുത്തി കരാറിൽ ഒപ്പിടുവിക്കാൻ ശ്രമം നടന്നതായും മുഖ്യമന്ത്രി ആരോപിച്ചു. കഴിഞ്ഞ പത്ത് വർഷമായി അധികാരത്തിലിരുന്ന സർക്കാർ എന്താണ് ചെയ്തതെന്ന് ചോദിച്ച മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവിന് ഏത് രേഖയാണ് വേണ്ടതെന്നും ചോദിച്ചു. എല്ലാ കാര്യങ്ങളും കൃത്യമായാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വിഷയത്തിൽ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും വി.ഡി. സതീശൻ വിമർശിച്ചു.
അതേസമയം, വൈദ്യുതി വാങ്ങൽ വിഷയം മന്ത്രിസഭാ യോഗത്തിൽ ചർച്ചയായില്ല. നിയമനിർമാണത്തിനായി നവംബർ 30 മുതൽ ഡിസംബർ 10 വരെ നിയമസഭ സമ്മേളനം ചേരാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.


