കണ്ണൂര്: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്. കോളേജ് പ്രിൻസിപ്പൽ ഡോ. വിനോദ് മോണി, അധ്യാപിക ഡോ. ലത ശശിധരൻ എന്നിവരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. നിതിൻ രാജിന്റെ ഫോൺ ഇരുവരും വാങ്ങിവെച്ചിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ വിനോദ് മോണിയും ലത ശശിധരനും തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസിൽ ഡോ. എം. റാമാണ് ഒന്നാം പ്രതി. കോളേജിലെ അധ്യാപിക ഡോ. സംഗീത നമ്പ്യാരാണ് രണ്ടാം പ്രതി.
കേസിൽ അറസ്റ്റിലായ ഡോ. റാമിന് സെപ്റ്റംബർ ഒമ്പതിന് തലശ്ശേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ പ്രവേശിക്കരുത്, വിദ്യാർഥികളെ സ്വാധീനിക്കരുത് തുടങ്ങിയ കർശന ഉപാധികളോടെയായിരുന്നു ജാമ്യം. ജാമ്യം ലഭിച്ചതിന് പിന്നാലെ റാം പുറത്തിറങ്ങി.
കർണാടകയിലെ കുടകിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ജൂലൈ 20ന് റാം അറസ്റ്റിലായത്. പ്രതിയുടെ അറസ്റ്റ് വൈകുന്നതിൽ നേരത്തെ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സുപ്രീംകോടതി മുൻകൂർ ജാമ്യം നിഷേധിച്ചിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് ഇരട്ടനീതി സ്വീകരിക്കുന്നുവെന്നും കോടതി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ശക്തമാക്കി റാമിനെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം ആര്യനാട് സ്വദേശിയായ നിതിൻ രാജ് ഏപ്രിൽ പത്തിനാണ് ജീവനൊടുക്കിയത്. കോളേജ് കെട്ടിടത്തിൽനിന്ന് ചാടിയാണ് നിതിൻ മരിച്ചത്. അധ്യാപകരിൽനിന്നുണ്ടായ ജാതി അധിക്ഷേപത്തിൽ മനംനൊന്താണ് നിതിൻ രാജ് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ മൊഴി നൽകിയിരുന്നു. ഡോ. റാമിനും ഡോ. സംഗീത നമ്പ്യാർക്കുമെതിരെയായിരുന്നു ബന്ധുക്കളുടെ പ്രധാന ആരോപണം. പ്രതിഷേധം ശക്തമായതോടെ ഇരുവരെയും കോളേജ് അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു.












