കൊച്ചി: കൊച്ചി നഗരത്തിലെ ഗതാഗതത്തിരക്ക് ബാധിക്കാതെ യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും മഹാരാജാസ് കോളജിലേക്കും തിരിച്ചും റോപ് വേയിലൂടെ സഞ്ചരിക്കാന്‍ സാധിച്ചാലോ?. അത്തരമൊരു നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡല്‍ഹി മെട്രോ മാനേജിങ് ഡയറക്ടറായ മെട്രോമാന്‍ ഇ ശ്രീധരന്‍. കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ക്ക് അയച്ച കത്തിലാണ് ആര്‍ബന്‍ റോപ് വേ സംവിധാനം കൊച്ചിക്ക് ആവശ്യമാണെന്ന് ഇ ശ്രീധരന്‍ വ്യക്തമാക്കിയത്.
കൊച്ചി നഗരത്തിന്റെ ഭാവി പൊതുഗതാഗത സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍, ഗതാഗതക്കുരുക്കുകളില്‍ നിന്നും രക്ഷപ്പെടാന്‍ ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് മട്ടാഞ്ചേരിയും വില്ലിംഗ്ടണ്‍ ഐലന്‍ഡും വഴി മഹാരാജാസ് കോളജിലേക്ക് ഒരു ‘അര്‍ബന്‍ റോപ് വേ’ സ്ഥാപിക്കണമെന്ന ആശയമാണ് ഇ. ശ്രീധരന്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ക്ക് വ്യാഴാഴ്ചയാണ് ഇ ശ്രീധരന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചത്.
‘മണിക്കൂറില്‍ 5,000 മുതല്‍ 6,000 വരെ യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുമെന്നതും, മെട്രോ സംവിധാനം സ്ഥാപിക്കാന്‍ ആവശ്യമായ വീതി റോഡുകള്‍ക്കില്ല എന്നതും അര്‍ബന്‍ റോപ് വേകളെ കൂടുതല്‍ അനുയോജ്യമായ മാര്‍ഗ്ഗമാക്കി മാറ്റുന്നു.’ കത്തില്‍ ഇ ശ്രീധരന്‍ അഭിപ്രായപ്പെട്ടു. മെട്രോ സംവിധാനത്തിനുള്ള ചെലവിന്റെ മൂന്നിലൊന്ന് തുക മാത്രമേ റോപ് വേ സംവിധാനത്തിന് ആവശ്യമായി വരൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബൊളീവിയ, മെക്‌സിക്കോ എന്നിവിടങ്ങളിലെയും അടുത്തിടെ പൂര്‍ത്തിയായ വാരണാസിയിലെയും റോപ് വേ സംവിധാനങ്ങളെ ഉദാഹരണമായി കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം സംവിധാനങ്ങള്‍ വിജയകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


