റിമ്പി: തുടർച്ചയായ കനത്ത മഴയ്ക്ക് പിന്നാലെ സിക്കിമിലെ ഗ്യാൽഷിംഗ് ജില്ലയിൽ വൻ ഉരുൾപൊട്ടൽ. റിമ്പി ഗ്രാമത്തിലാണ് ശക്തമായ ഉരുൾപൊട്ടലുണ്ടായത്. സർക്കാർ ക്വാർട്ടേഴ്സുകൾ ഉൾപ്പെടെ നിരവധി വീടുകൾ തകർന്നെങ്കിലും നിലവിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഉരുൾപൊട്ടലിൽ മുപ്പതോളം വീടുകൾ ഒലിച്ചുപോയതായാണ് വിവരം. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
സ്ഥിതിഗതികളിൽ ആശങ്ക രേഖപ്പെടുത്തിയ സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ്, ദുരന്തബാധിതരുടെ സുരക്ഷയ്ക്കാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കി. ജാഗ്രതാ നിർദേശങ്ങൾ പാലിക്കാനും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാനും പ്രദേശവാസികളുടെ സുരക്ഷയ്ക്കായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും പ്രാദേശിക ഭരണകൂടത്തിന് മുഖ്യമന്ത്രി നിർദേശം നൽകി.














