തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും കള്ളക്കടൽ മുന്നറിയിപ്പ്. കേരള തീരത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ഈ മാസം 28 വരെ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശം.
അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകൾ മാറിത്താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിൽ ഇറക്കുന്നത് ഒഴിവാക്കണമെന്നും കടലിലേക്ക് ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. കടലിലിറങ്ങിയുള്ള വിനോദ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കണം. മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായി കെട്ടിയിടണമെന്നും നിർദേശിച്ചു.
തിരുവനന്തപുരം: കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ, കൊല്ലം: ആലപ്പാട് മുതല്‍ ഇടവ വരെ, ആലപ്പുഴ: ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ, എറണാകുളം : മുനമ്പം FH മുതല്‍ മറുവക്കാട് വരെ, തൃശൂര്‍: ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ, മലപ്പുറം: കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെ, കോഴിക്കോട്: ചോമ്പാല FH മുതല്‍ രാമനാട്ടുകര വരെ, കണ്ണൂര്‍: വളപട്ടണം മുതല്‍ ന്യൂ മാഹി വരെ, കാസറഗോഡ്: കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെയാണ് പ്രത്യേക ജാഗ്രതയുള്ള പ്രദേശങ്ങളായി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
തീരദേശ മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും നിർദേശമുണ്ട്.




