പത്തനംതിട്ട: കലഞ്ഞൂരിൽ കാറിൽ ലഹരിവസ്തുക്കൾ കടത്താൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ. കഞ്ചാവ്, എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവയുമായാണ് പ്രതികളെ പൊലീസ് പിടികൂടിയത്. പിടികൂടുന്നതിനിടെ പ്രതികൾ പൊലീസിന് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ചു.
അടൂർ പഴകുളം സ്വദേശി ലൈജു, നൂറനാട് സ്വദേശികളായ ശ്യാം, അരുൺ, കിരൺ എന്നിവരാണ് പിടിയിലായത്. ജില്ലാ ഡാൻസാഫ് ടീമും അടൂർ സബ് ഡിവിഷൻ ഡാൻസാഫ് ടീമും കൂടൽ പൊലീസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.
കലഞ്ഞൂർ കരിച്ചന്നൂരിലുള്ള ലൈജുവിന്റെ വാടകവീട്ടിൽ നിന്ന് ലഹരിവസ്തുക്കൾ കാറിൽ കടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് സംഘം ഇവരെ പിന്തുടർന്നു. കലഞ്ഞൂർ വലിയ പള്ളിക്ക് സമീപം പൊലീസ് ജീപ്പ് കുറുകെ നിർത്തി കാർ തടഞ്ഞാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇതിനിടെയാണ് പ്രതികൾ പൊലീസിന് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ചത്. കാറിൽ നിന്ന് 400 ഗ്രാം കഞ്ചാവ്, 13.508 ഗ്രാം എംഡിഎംഎ, 2.303 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു.
കഴിഞ്ഞ ഒരു മാസത്തോളമായി സംഘം പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രധാന പ്രതിയായ ലൈജുവിനെതിരെ നിരവധി ലഹരിക്കേസുകളും കാപ്പ കേസും നിലവിലുണ്ട്. കേരളത്തിലും ആന്ധ്രപ്രദേശിലും ലഹരിക്കേസുകളിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് ഇയാളെന്നും പൊലീസ് പറഞ്ഞു. മറ്റ് പ്രതികൾക്കെതിരെയും നിരവധി ലഹരിക്കേസുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.




