ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്റെ (കെഎംഎഫ്) നന്ദിനി പാലിന് വില വർധിപ്പിച്ചേക്കും. ലിറ്ററിന് അഞ്ച് രൂപ വരെ വില കൂട്ടാനാണ് ആലോചന. വിലവർധന സംബന്ധിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ശനിയാഴ്ച തീരുമാനമെടുക്കും.
വരൾച്ചയും പാൽ ഉൽപാദനച്ചെലവും വർധിച്ചതിനെ തുടർന്ന് വില കൂട്ടണമെന്ന് കർണാടകയിലെ 16 ജില്ലകളിലെയും ക്ഷീര സഹകരണ യൂണിയനുകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ലിറ്ററിന് എട്ട് മുതൽ പത്ത് രൂപ വരെ വർധിപ്പിക്കണമെന്നായിരുന്നു ആദ്യ ആവശ്യം. പിന്നീട് ഇത് അഞ്ച് രൂപയായി കുറയ്ക്കുകയായിരുന്നു.
വില വർധിപ്പിച്ചാൽ മൂന്ന് വർഷത്തിനിടെ നന്ദിനി പാലിന്റെ നാലാമത്തെ വിലവർധനയാകും ഇത്. നിലവിൽ ഒരു ലിറ്റർ നീല പാക്കറ്റ് നന്ദിനി പാലിന് 46 രൂപയാണ് വില. അഞ്ച് രൂപ വർധിപ്പിച്ചാൽ ഇത് 51 രൂപയാകും. പച്ച പാക്കറ്റിന് നിലവിലെ 50 രൂപയിൽ നിന്ന് 55 രൂപയും ഓറഞ്ച് പാക്കറ്റിന് 52 രൂപയിൽ നിന്ന് 57 രൂപയുമാകും വില. വിലവർധന സംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉണ്ടാകും.


