സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് കാണാതായ തൊണ്ടിമുതലായ ഹാൻസ് ചാക്കുകൾ കണ്ടെത്തി. കേസിലെ പ്രതിയായ സിപിഒ സബിത്തുമായി നടത്തിയ തെളിവെടുപ്പിലാണ് ചാക്കുകൾ കണ്ടെത്തിയത്. സ്റ്റേഷനിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെയുള്ള പൊലീസ് ക്വാർട്ടേഴ്സിൽ നിന്നാണ് തൊണ്ടിമുതൽ കണ്ടെത്തിയത്.
കേസെടുത്തതിന് പിന്നാലെയുള്ള ദിവസം പുലർച്ചെ ഹാൻസ് ചാക്കുകൾ പൊലീസ് ക്വാർട്ടേഴ്സിലേക്ക് മാറ്റിയെന്നാണ് സബിത്തിന്റെ മൊഴിയെന്ന് അന്വേഷണ സംഘം അറിയിച്ചു. സ്റ്റേഷനിൽ നിന്ന് ഇയാൾ ഒറ്റയ്ക്കാണ് ചാക്കുകൾ പുറത്തേക്ക് കൊണ്ടുപോയതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. സംഭവത്തിൽ പുറത്ത് നിന്ന് സബിത്തിന് സഹായം ലഭിച്ചിട്ടുണ്ടെന്നും ഇയാൾ കുറ്റം സമ്മതിച്ചതായും അന്വേഷണ സംഘം പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഒളിവിൽ പോയ സബിത്തിനെ കളമശേരിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
ബത്തേരി പൊലീസ് സ്റ്റേഷനിലെ പ്രോപ്പർട്ടി റൂമിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഏഴ് ചാക്കുകളാണ് കാണാതായത്. അന്വേഷണത്തിനിടെ സംഭവത്തിൽ സബിത്തിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇയാൾക്കെതിരെ കേസെടുത്തത്.
കഴിഞ്ഞ ജൂണിൽ പൊലീസ് പിടികൂടി ബത്തേരി സ്റ്റേഷനിലെ പ്രോപ്പർട്ടി റൂമിൽ സൂക്ഷിച്ചിരുന്ന പുകയില ഉൽപ്പന്നങ്ങളാണ് കടത്തിയത്. സെപ്റ്റംബർ 10ന് പ്രോപ്പർട്ടി റൂം വൃത്തിയാക്കുന്നതിനായി തുറന്നപ്പോഴാണ് തൊണ്ടിമുതൽ നഷ്ടമായ വിവരം ശ്രദ്ധയിൽപ്പെട്ടത്.
സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും തൊണ്ടിമുതൽ മാറ്റാൻ സഹായം ലഭിച്ചിരുന്നോയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.


