തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. കൊല്ലം സ്വദേശിയായ രാധാകൃഷ്ണൻ പോറ്റിയുടെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. രണ്ട് വൃക്കകളും കരളും ഉൾപ്പെടെയുള്ള അവയവങ്ങളാണ് ദാനം ചെയ്യുക. ആറ് പേർക്ക് പുതുജീവൻ നൽകിയാണ് രാധാകൃഷ്ണൻ പോറ്റി വിടവാങ്ങുന്നത്. ഒരു വൃക്ക കോട്ടയം മെഡിക്കൽ കോളേജിലെ രോഗിക്ക് നൽകും.
തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് വൃക്ക എത്തിക്കുന്നതിനായി സർക്കാർ ഗ്രീൻ കൊറിഡോർ ഒരുക്കും. അവയവം വേഗത്തിൽ ആശുപത്രിയിലെത്തിക്കാനാണ് ഗ്രീൻ കൊറിഡോർ സജ്ജമാക്കുന്നത്.
ഈ മാസം 21നാണ് രാധാകൃഷ്ണൻ പോറ്റിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മസ്തിഷ്കത്തിലെ രക്തസ്രാവത്തെ തുടർന്ന് ഇന്നലെ വൈകുന്നേരമാണ് മരണം സംഭവിച്ചത്. മരണാനന്തര അവയവദാനത്തിലൂടെ നിരവധി പേർക്ക് പുതുജീവൻ നൽകുന്ന നടപടിയാണിത്.




