കേരള സാഹിത്യ അക്കാദമി അധ്യക്ഷനായി നിയമിച്ചതിൽ സന്തോഷമുണ്ടെന്ന് എഴുത്തുകാരൻ കൽപറ്റ നാരായണൻ. അക്കാദമിയിൽ നിലവിൽ ഒരു സ്റ്റാമ്പ് വാങ്ങാൻ പോലും പണമില്ലാത്ത അവസ്ഥയാണെന്നും വലിയ വെല്ലുവിളികളാണ് മുന്നിലുള്ളതെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. ഭരണകൂടത്തിന്റെ നിയന്ത്രണം അക്കാദമിയുടെ പ്രവർത്തനങ്ങളിൽ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
വർഷങ്ങളായി സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന തനിക്ക് അക്കാദമി അധ്യക്ഷസ്ഥാനം സാഹിത്യപ്രവർത്തനം കൂടുതൽ സർഗാത്മകവും സ്വതന്ത്രവും വിപുലവുമാക്കാനുള്ള അവസരമായാണ് കാണുന്നതെന്ന് കൽപറ്റ നാരായണൻ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയാണ് പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം വ്യക്തമാക്കി.
അക്കാദമിയിൽ ഒരു സ്റ്റാമ്പ് വാങ്ങാൻ പോലും പണമില്ലാത്ത അവസ്ഥയാണെന്നാണ് മനസിലാക്കാൻ കഴിഞ്ഞതെന്നും ഈ സാമ്പത്തിക പ്രതിസന്ധി സർക്കാർ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പുസ്തക വിൽപ്പനയിലൂടെയും മറ്റ് മാർഗങ്ങളിലൂടെയും വരുമാനം കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. വനം വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ടൂറിസം വകുപ്പ് എന്നിവയുമായി സഹകരിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കാനും സാഹിത്യ ക്യാമ്പുകൾ നടത്താനും ആലോചനയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അക്കാദമി അധ്യക്ഷൻ, സെക്രട്ടറി എന്നീ പദവികളിലേക്കാണ് നിലവിൽ നിയമനം പ്രഖ്യാപിച്ചിരിക്കുന്നത്. വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മിറ്റി തുടങ്ങിയ സ്ഥാനങ്ങൾ കൂടി നികത്തേണ്ടതുണ്ട്. വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനൊപ്പം മികച്ച എഴുത്തുകാരുടെ സഹകരണവും ആവശ്യമാണ്. ഭരണനിർവഹണത്തിൽ എഴുത്തുകാരുടെയും സംഘാടകരുടെയും സഹകരണം ഉറപ്പാക്കുന്നതിനായി സാംസ്കാരിക വകുപ്പുമായും മന്ത്രിയുമായും ചർച്ച നടത്തുമെന്നും കൽപറ്റ നാരായണൻ പറഞ്ഞു.












