കൊച്ചി: മട്ടാഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കിലോ എംഡിഎംഎ പിടിച്ചെടുത്ത കേസിൽ മൂന്നാം പ്രതി അറസ്റ്റിൽ. പനയപ്പിള്ളി മട്ടാഞ്ചേരി ടൗൺ സ്വദേശി അനീഷ് എം.എ (34) ആണ് അറസ്റ്റിലായത്. ‘കൊമ്പൻ അനീഷ്’ എന്ന പേരിലും ഇയാൾ അറിയപ്പെടുന്നു.
സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകളിൽ ഏറ്റവും കൂടുതൽ അളവിൽ എംഡിഎംഎ പിടിച്ചെടുത്ത രണ്ടാമത്തെ കേസാണിതെന്ന് പൊലീസ് അറിയിച്ചു. ലഹരിമരുന്ന് കടത്താൻ പ്രതി ഉപയോഗിച്ച ഇലക്ട്രിക് ഉപകരണവും വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ ഒന്നും രണ്ടും പ്രതികളായ നൗഫലിനെയും സഫീറിനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
വിപണിയിൽ വലിയ വിലയുള്ള എംഡിഎംഎ കടത്തിയ കേസിലെ പ്രധാന കണ്ണികളിലൊരാളാണ് അറസ്റ്റിലായ അനീഷെന്നാണ് പൊലീസ് പറയുന്നത്. മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മിഷണർ അജിത് കുമാറിന്റെ നിർദേശപ്രകാരം ഫോർട്ട് കൊച്ചി സർക്കിൾ ഇൻസ്പെക്ടർ വിബിൻ ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പൊലീസ് സംഘത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അനീഷ് പിടിയിലായത്.












