മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് 21 വർഷവും ആറ് മാസവും കഠിനതടവ്. മലപ്പുറം താനൂർ ചിറക്കൽ സ്വദേശി സുനിൽകുമാർ (54)നെയാണ് പട്ടാമ്പി അതിവേഗ പ്രത്യേക കോടതി ജഡ്ജി ദിനേശൻ പിള്ള ശിക്ഷിച്ചത്. 1.30 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴത്തുക അതിജീവിതന് നൽകാനും കോടതി ഉത്തരവിട്ടു.
17കാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിലാണ് ശിക്ഷ. വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ 19 സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്തു.
സർക്കിൾ ഇൻസ്പെക്ടർ പി.എം. ഗോപകുമാറും സബ് ഇൻസ്പെക്ടർമാരായ മുഹമ്മദ് ബഷീറും അജിതനും ചേർന്നാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. അഡ്വ. സന്ദീപാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ലൈസൺ ഓഫീസർ എ.എസ്.ഐ എസ്. മഹേശ്വരി പ്രോസിക്യൂഷൻ നടപടികൾക്ക് സഹായം നൽകി.
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ വേഗത്തിലുള്ള വിചാരണയും ശക്തമായ നിയമനടപടികളും ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കുന്ന പ്രത്യേക കോടതിയിലാണ് കേസിന്റെ നടപടികൾ പൂർത്തിയായത്.














