കൊച്ചി: സാബു എം. ജേക്കബിനെതിരായ കിറ്റെക്സ് സാമ്പത്തിക ക്രമക്കേട് പരാതിയിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്ക് ഹൈക്കോടതി നോട്ടീസ്. പത്ത് ദിവസത്തിനകം മറുപടി നൽകണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. കിറ്റെക്സ് ഗാർമെന്റ്സിനും കിറ്റെക്സ് ചിൽഡ്രൻസ് വെയറിനും കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. ഓഹരി ഉടമ നൽകിയ ഹർജിയിലാണ് നടപടി.
സാബു എം. ജേക്കബിനെതിരായ പരാതിയിൽ സെബി സമയബന്ധിതമായി തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ടാണ് ഓഹരി ഉടമ മുഹമ്മദ് ഫിർദൗസ് എ.വി. ഹൈക്കോടതിയെ സമീപിച്ചത്. കിറ്റെക്സിനെതിരെ ഏപ്രിലിൽ നൽകിയ പരാതിയിൽ സെബി നടപടി സ്വീകരിച്ചില്ലെന്നും നിയമപരമായ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ സെബി വീഴ്ച വരുത്തിയെന്നും ഹർജിയിൽ ആരോപിക്കുന്നു.
കിറ്റെക്സ് ഗാർമെന്റ്സിന്റെ അനുബന്ധ സ്ഥാപനമായ കിറ്റെക്സ് യുഎസ്എ എൽഎൽസി വഴിയുള്ള സാമ്പത്തിക ഇടപാടുകളിൽ സംശയകരമായ കാര്യങ്ങളുണ്ടെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. കിറ്റെക്സ് യുഎസ്എയ്ക്കായി കിറ്റെക്സ് ഗാർമെന്റ്സ് 1,838 കോടി രൂപയുടെ കയറ്റുമതി നടത്തിയിട്ടുണ്ട്. കിറ്റെക്സ് ഗാർമെന്റ്സിന് കിറ്റെക്സ് യുഎസ്എയിൽ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക 200 കോടി രൂപയാണെന്നും ഈ തുക തിരിച്ചുപിടിക്കാനാകുമോ എന്ന കാര്യത്തിൽ ഓഡിറ്റർക്കും സംശയമുണ്ടെന്നും ഹർജിയിൽ പറയുന്നു.
കിറ്റെക്സ് യുഎസ്എ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന രേഖകൾ നിലനിൽക്കെയാണ് ഇ.ഡി. നോട്ടീസിന് പിന്നാലെ 94 കോടി രൂപ തിരിച്ചടച്ചതെന്നും ഹർജിയിൽ ആരോപിക്കുന്നു. യഥാർഥ ഇടപാടുകളില്ലാതെ കിറ്റെക്സ് ചിൽഡ്രൻസ് വെയറിന് 46 കോടി രൂപ കമ്മീഷനായി നൽകിയെന്നും ഇന്ത്യയിൽ നിന്ന് കമ്മീഷൻ ഇനത്തിൽ പണം വിദേശത്തേക്ക് അയച്ച് പിന്നീട് കയറ്റുമതി കുടിശ്ശിക എന്ന നിലയിൽ തിരികെ കൊണ്ടുവന്നെന്നും ഇത് ഫണ്ട് റൂട്ടിങ്ങാണെന്നും ഹർജിക്കാരൻ ആരോപിച്ചു.
കിറ്റെക്സ് യുഎസ്എ സ്വതന്ത്ര ഇടനിലക്കാരനല്ലെന്നും പ്രമോട്ടർമാരുമായി ബന്ധപ്പെട്ട സ്ഥാപനമാണെന്നും സംസ്ഥാന ജിഎസ്ടി കണ്ടെത്തിയതായി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കമ്മീഷൻ ഇടപാടുമായി ബന്ധപ്പെട്ട് കിറ്റെക്സിനെതിരെ നടപടി സ്വീകരിക്കാൻ ജിഎസ്ടി ശുപാർശ ചെയ്തിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.
കിറ്റെക്സ് ചിൽഡ്രൻസ് വെയറിനെ ടെക്സ്റ്റൈൽ വിഭാഗത്തിൽ ലയിപ്പിക്കാനുള്ള നീക്കവും ഓഹരി ഉടമകളെ ബാധിക്കുന്നതാണെന്ന് ഹർജിക്കാരൻ ആരോപിച്ചു. വ്യാജ വരുമാന കണക്കുകളും കിട്ടാക്കടങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ ലയനം നടപ്പാക്കിയാൽ പ്രമോട്ടർമാർക്ക് അനധികൃത നേട്ടവും ഓഹരി ഉടമകൾക്ക് നഷ്ടവും ഉണ്ടാകുമെന്നും ഹർജിയിൽ പറയുന്നു. ബാലൻസ് ഷീറ്റിലെ സാമ്പത്തിക ക്രമക്കേടുകൾ സെബി ചട്ടങ്ങളുടെ ലംഘനമാണെന്നും പരാതിയിൽ സമയബന്ധിതമായി തീരുമാനമെടുക്കാൻ സെബിക്ക് നിർദേശം നൽകണമെന്നും മുഹമ്മദ് ഫിർദൗസ് ആവശ്യപ്പെട്ടു.













