കൊല്ലം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൊല്ലം സന്ദർശനത്തിനിടെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. സംസ്ഥാന വൈസ് പ്രസിഡന്റ് ബിനു ചുള്ളിയിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് ബിനു ചുള്ളിയിലുൾപ്പെടെ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഉച്ചയോടെ ഹെലികോപ്ടർ മാർഗമാണ് അമിത് ഷാ ആശ്രാമം മൈതാനത്ത് എത്തിയത്. കുണ്ടറ മുളവനയിലെ പവിത്രം കൺവെൻഷൻ സെന്ററിൽ നടക്കുന്ന അന്താരാഷ്ട്ര വനിതാ കർഷക വർഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സഹ്കാർ സേ സമൃദ്ധി’ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കുകയാണ്.
ജില്ലയിലെ സഹകരണ മേഖലയിലെ വനിതകൾ നേതൃത്വം നൽകുന്ന സംരംഭത്തിന്റെ ഉദ്ഘാടനവും അമിത് ഷാ നിർവഹിക്കും. തുടർന്ന് അമൃതാനന്ദമയിയുടെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി മഠത്തിലേക്ക് പോകും.
അമിത് ഷായുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ കൊല്ലം നഗരത്തിലും അനുബന്ധ റോഡുകളിലും ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി മടങ്ങുന്നതുവരെ നഗരത്തിലെ വിവിധ റോഡുകളിൽ നിയന്ത്രണം തുടരും.














