കൊല്ലം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊല്ലം സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച സംഭവിച്ചതായി ആരോപിച്ച് ബിജെപി. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നിയമസഭാ കക്ഷി നേതാവും എംഎൽഎയുമായ ബി.ബി. ഗോപകുമാർ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.
കൊല്ലം ആശ്രാമം മൈതാനത്ത് വിമാനമിറങ്ങിയ ശേഷം വാഹനവ്യൂഹത്തിൽ പോകുന്നതിനിടെയാണ് അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്. സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് പ്രതിഷേധക്കാർക്ക് വിവിഐപി വാഹനം കടന്നുപോയ സ്ഥലത്തിന് ഏകദേശം 50 മീറ്റർ അടുത്തെത്താൻ കഴിഞ്ഞത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് പരാതിയിൽ പറയുന്നു.
പ്രതിഷേധ സംഘത്തിൽ കൊല്ലം കോർപ്പറേഷൻ കൗൺസിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. വിവിഐപിയുടെ സുരക്ഷാ വലയത്തിന് സമീപം ജനപ്രതിനിധികൾ ഉൾപ്പെട്ട സംഘം എങ്ങനെ എത്തിയെന്ന് വിശദമായി അന്വേഷിക്കണമെന്നും ബി.ബി. ഗോപകുമാർ ആവശ്യപ്പെട്ടു.
സംഭവത്തെ സാധാരണ പ്രതിഷേധമായി കാണാതെ, കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വീഴ്ച കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.













